ബ്ലാസ്റ്റേഴ്‌സ് കോച്ചിന് എതിരെ ഗുരുതര ആരോപണവുമായി ചോപ്ര, 'വേലി തന്നെ വിളവ് തിന്നുന്നു'

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മലയാളി ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ താരം മൈക്കല്‍ ചോപ്ര. ബ്ലാസ്റ്റേഴ്സിലേക്ക് താരങ്ങളെ എത്തിക്കാന്‍ ഇഷ്ഫാഖ് ഏന്റുമാരില്‍ നിന്ന് പണം കൈപറ്റുന്നുവെന്നാണ് ചോപ്രയുടെ വെളിപ്പെടുത്തല്‍.

ട്വിറ്ററിലൂടെ ചോപ്രയുടെ ആരോപണം. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഇക്കാര്യം അറിയണമെന്നാണ് ചോപ്ര പറയുന്നത്.

എന്നാല്‍ ഇഷ്ഫാഖിന് പിന്തുണയുമായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് രംഗത്തെത്തി. കളിക്കാരനായും പരിശീലകനായുമുള്ള ഇഷ്ഫാഖിന്റെ സേവനങ്ങളെ വിലമതിക്കുന്നുവെന്നും ആരോപണം ഉന്നയിച്ച ചോപ്രയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

Read more

2014, 2016 സീസണുകളില്‍ ചോപ്രയും ഇഷ്ഫാഖും കേരള ബ്ലാസ്റ്റേഴ്സില്‍ സഹതാരങ്ങളായിരുന്നു. ന്യൂകാസിലിനും സണ്ടര്‍ലന്‍ഡിനുമായി കളിച്ചിട്ടുള്ള മൈക്കല്‍ ചോപ്ര 2014-ലും 2016-ലുമാണ് ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. എന്നാല്‍ പലപ്പോഴും ഫോം തെളിക്കാന്‍ കഴിയാതിരുന്ന ചോപ്ര ഒടുവില്‍ ടീമിന് പുറത്താകുകയായിരുന്നു.