ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന് മുട്ടന്‍ പണി; റോണോയെ വിലക്കിയേക്കും

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിലെ ഗോള്‍ ആഘാഷത്തിന്റെ പേരില്‍ യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരേ യുവേഫ അന്വേഷണം പ്രഖ്യാപിച്ചു. യുവന്റസിന്റെ മൈതാനത്ത് നടന്ന രണ്ടാം പാദത്തിലെ ഹാട്രിക്ക് നേട്ടത്തിന് ശേഷമാണ് അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ താരം വിവാദ ആഘാഷം നടത്തിയത്.

മാഡ്രിഡില്‍ നടന്ന ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ രണ്ട് ഗോളുകള്‍ക്ക് യുവന്റസിനെ തറ പറ്റിച്ചതിനു ശേഷം അത്‌ലറ്റിക്കൊ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണി നടത്തിയ ആഹ്ലാദപ്രകടനം അതുപോലെ തന്നെ ക്രിസ്റ്റ്യാനോ ആവര്‍ത്തിക്കുകയായിരുന്നു. അന്ന് സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനത്തിന് അദ്ദേഹത്തിനെതിരെ കടുത്ത നടപടിയും കനത്ത പിഴയും യുവേഫ വിധിച്ചിരുന്നു.

യുവേഫയുടെ എത്തിക്‌സ് ആന്‍ഡ് ഡിസിപ്ലിനറി കമ്മറ്റിയാണ് റൊണാള്‍ഡോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണ റിപ്പോര്‍ട്ടില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകര്‍ക്കെതിരെ ആണ് ആഘോഷമെങ്കില്‍ സൂപ്പര്‍ താരത്തിന് വിലക്കേര്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. മത്സരത്തില്‍ 86 -ാം മിനിട്ടില്‍ നേടിയ മൂന്നാം ഗോളിനു ശേഷമാണ് റൊണാള്‍ഡോ ഈ വിവാദ സെലിബ്രേഷന്‍ നടത്തിയത്. വരുന്ന ആഴ്ച നടക്കുന്ന കമ്മറ്റിക്ക് ശേഷം റൊണാള്‍ഡോയ്ക്കുള്ള ശിക്ഷാ നടപടികള്‍ യുവേഫ പ്രഖാപിക്കും.

റൊണാള്‍ഡോയുടെ സെലിബ്രേഷനെതിരെ അത്‌ലറ്റികോ മാഡ്രിഡ് ഔദ്യോഗികമായി പരാതി യുവേഫയ്ക്ക് നല്‍കിയതോടെയാണ് താരത്തിനെതിരെ ഉടന്‍ തന്നെ അന്വേഷണം പ്രഖ്യാപിക്കാന്‍ യുവേഫ നിര്‍ബന്ധിതരായത്. യുവേഫയുടെ അന്വേഷണത്തില്‍ ഇതു തെളിയിക്കപ്പെട്ടാല്‍ റൊണാള്‍ഡോയ്ക്ക് രണ്ടോ അതില്‍ കൂടുതലോ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് വിലക്കു വന്നേക്കാം.

ആദ്യപാദത്തില്‍ രണ്ട് ഗോളുകള്‍ക്ക് തോറ്റ യുവന്റസ് രണ്ടാം പാദത്തില്‍ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവോടെ മൂന്ന് ഗോളുകള്‍ക്ക് അത്‌ലറ്റിക്കോയെ തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിരുന്നു. റയല്‍ മാഡ്രിഡിനെ അട്ടിമറിച്ചെത്തിയ നെതര്‍ലാന്‍ഡ് ക്ലബ്ബ് അയാക്‌സാണ് അവസാന എട്ടില്‍ യുവന്റസിനെ കാത്തിരിക്കുന്നത്.