
സീരി എയില്‍ കുതിപ്പ് തുടരുന്ന യുവന്റസില്‍ റൊണാള്‍ഡോയ്ക്ക് പുതിയ റെക്കോഡ്. ഇന്നലെ നടന്ന മത്സരത്തില്‍ സ്പാലിനെതിരേ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്പ്പിച്ചതിലും റൊണാള്‍ഡോ സ്വന്തം കയ്യൊപ്പ് ചാര്‍ത്തി. ഒരു ഗോളടിച്ച റോണോ രണ്ടാം ഗോളിലും പങ്കുവഹിച്ചു.

ഇന്നലത്തെ ഗോളോടെ സിരി എയില്‍ ഒന്‍പത് ഗോളോടെ ടോപ് സ്കോററാണ് ക്രിസ്റ്റ്യാനോ. മാത്രമല്ല അരങ്ങേറ്റ സീസണില്‍ യുവന്റസിന് വേണ്ടി ഏറ്റവും വേഗത്തില്‍ പത്ത് ഗോളുകള്‍ തികച്ച ചരിത്രത്തിലെ ആദ്യതാരമെന്ന റെക്കോഡ് ഇതോടെ റോണോ സ്വന്തം പേരിലാക്കി.
സൂപ്പര്‍ താരം പൌലോ ദിബാലയെ പുറത്തിരുത്തിയാണ് ഇന്നലെ സ്പാലിനെതിരേ യുവന്റസ് ഇറങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മരിയോ മാന്റോകിച്ചും മുന്നേറ്റനിരയെ നയിച്ചപ്പോള്‍ ഡഗ്ലസ് കോസ്റ്റ ഇവര്‍ക്ക് പിന്നിലായി ഇറങ്ങി. മത്സരത്തിന്റെ ഇരുപത്തിയൊമ്പതാം മിനുട്ടില്‍ തന്നെ റൊണാള്‍ഡോ തന്റെ ഗോള്‍ കണ്ടെത്തി. പ്യാനിക് എടുത്ത ഫ്രീകിക്കില്‍ നിന്ന് അതിവിദഗ്ധമായി താരം ഫിനിഷ് ചെയ്യുകയായിരുന്നു. മത്സരത്തിന്റെ അറുപതാം മിനിറ്റിലാണ് യുവന്റസ് രണ്ടാം ഗോള്‍ നേടുന്നത്. റൊണാള്‍ഡോ നീട്ടിയ പന്ത് ഒരു കരുത്തുറ്റ ഷോട്ടിലൂടെ കോസ്റ്റ ഗോള്‍ വലയെ ലക്ഷ്യം വെച്ചെങ്കിലും സ്പാല്‍ ഗോള്‍ കീപ്പര്‍ തടുത്തിട്ടു. എന്നാല്‍ തക്കംപാര്‍ത്തു നിന്ന മാന്റോകിച്ച് ഗോളാക്കി മാറ്റുകയായിരുന്നു.
ജയത്തോടെ പതിമൂന്നു മത്സരങ്ങളില്‍ നിന്ന് പന്ത്രണ്ട് ജയവും ഒരു സമനിലയോടെ 37 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് യുവന്റസ്.