കയ്യിലുള്ളത് 23,000 കോടി: റയല്‍ മാഡ്രിഡ് സ്വന്തമാക്കാനൊരുങ്ങുന്നത് ആരെ?

സീസണ്‍ പകുതിയാകുന്നതിന് മുമ്പെ റയല്‍ മാഡ്രിഡ് ആരാധകര്‍ നിരാശയുടെ പടുകുഴിയിലാണ്. കോപ്പ ഡെല്‍ റേയില്‍ പുറത്താവുകയും ലാലീഗയില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയുമായി അപേക്ഷിച്ച് 19 പോയിന്റ് പിന്നിലുമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടക്കമുള്ള വമ്പന്‍ താരനിരയുള്ള റയല്‍ മാഡ്രിഡ്. കാര്യങ്ങള്‍ ഈ രീതിയിലാണെങ്കില്‍ ചാംപ്യന്‍സ് ലീഗിലും വലിയ പുരോഗതിയുണ്ടാകില്ലെന്നാണ് കടുത്ത ആരാധകര്‍ പോലും വിശ്വസിക്കുന്നത്.

ടീമിന് പുതിയ ഊര്‍ജം നല്‍കാന്‍ ഈ സീസണില്‍ ട്രാന്‍സ്ഫറുകള്‍ നിര്‍ബന്ധമാണെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഗാലറ്റിക്കോസ് ഉള്‍പ്പടെ ട്രാന്‍സ്ഫര്‍ വിപണിയില്‍ വന്‍ ഇടപെടുലുകള്‍ നടത്തിയിരുന്ന റയല്‍ മാഡ്രിഡ് മാനേജ്‌മെന്റ് ഈ സീസണില്‍ പണമെറിയാന്‍ ഇതുവരെ തയാറായിട്ടില്ല. സീസണില്‍ ഏതെങ്കിലും വമ്പന്‍ താരത്തെ കോടികള്‍ വാരിയെറിഞ്ഞ് ടീമിലെത്തിക്കുന്ന ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസിന്റെ തന്ത്രമാണ് ഗലാറ്റിക്കോസ്. അതേസമയം, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇത്തരം സൈനിങ് ക്ലബ്ബ് നടത്തിയിട്ടില്ല.

ഇതില്‍ നിന്നും മാറ്റം വരുത്തി കൂടുതല്‍ താരങ്ങളെ സ്വന്തമാക്കാന്‍ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ 300 മില്ല്യണ്‍ യൂറോയാണ് റയല്‍ മാഡ്രിഡ് ചെലവാക്കാനുദ്ദേശിച്ചിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ രൂപയില്‍ ഏകദേശം 23,000 കോടിയിലധികം രൂപയോളം വരും ഈ തുക.

80 മില്ല്യണ്‍ യൂറോയ്കക്് 2014ല്‍ കൊളംബിയന്‍ താരം ജെയിംസ് റോഡ്രീഗസിനെ ടീമിലെത്തിച്ചതാണ് മാഡ്രിഡിന്റെ അവസാന മേജര്‍ സൈനിങ്. ഇതിന് ശേഷം, എയ്ഞ്ചല്‍ ഡി മരിയ, മെസുത് ഓസില്‍, ആല്‍വരോ മൊറാട്ട എന്നിവരെ മറ്റു ക്ലബ്ബുകളിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. അതേസമയം, റയല്‍ മാഡ്രിഡിനെ അപേക്ഷിച്ച് മറ്റുള്ള ക്ലബ്ബുകള്‍ക്കുള്ള പോലെ കളിക്കാര്‍ക്കുള്ള വേതനവുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികളൊന്നും തന്നെയില്ല.

പിഎസ്ജി സൂപ്പര്‍ താരം നെയ്മര്‍, ബയേണ്‍ മ്യൂണിക്ക് മിന്നും സ്‌ട്രൈക്കര്‍ വെവന്‍ഡോസ്‌ക്കി, ചെല്‍സിയുടെ കുന്തമുന എഡ്വിന്‍ ഹസാര്‍ഡ്, ടോട്ടന്‍ഹാമിന്റെ ഗോളടി യന്ത്രം ഹാരി കെയ്ന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡി ജിയ എന്നിവരാണ് മാഡ്രിഡിന്റെ ലിസ്റ്റിലുള്ളത്. ഇതില്‍ ഗലാറ്റിക്കോ സൈനിങ്ങിനാണ് സാധ്യത കൂടുതലെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.