റോണോയ്ക്ക് ബാലന്‍ ഡി ഓര്‍ തടഞ്ഞത് റയല്‍, ഗുരുതര ആരോപണവുമായി ചില്ലിനി

മിലാന്‍: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞ സീസണില്‍ ബാലന്‍ ഡി ഓര്‍ ലഭിക്കാതിരുന്നതിന് പിന്നില്‍ റയല്‍ മാഡ്രിഡിന്റെ ഇടപെടലാണെന്ന ആരോപണവുമായി യുവന്റസ് പ്രതിരോധ താരം ജിയോര്‍ജിയോ ചില്ലിനി. കഴിഞ്ഞ സീസണില്‍ റയല്‍ വിട്ട് റൊണാള്‍ഡോ യുവന്റസിലേക്ക് കൂടുമാറിയതിന്റെ പ്രതികാരമാണെന്നാണ് ചില്ലിനി ആരോപിക്കുന്നത്.

മിലാനില്‍ നടന്ന ഇറ്റലി സീരി എ മികച്ച താരങ്ങളുടെ പുരസ്‌കാര വിതരണ ചടങ്ങിലാണ് ചില്ലിനിയുടെ അഭിപ്രായ പ്രകടനം.

“ഈ വര്‍ഷം മെസ്സിക്ക് ബാലണ്‍ ഡിയോര്‍ ലഭിച്ചതിനെ അംഗീകരിക്കുന്നു. എന്നല്‍ കഴിഞ്ഞ സീസണില്‍ റൊണാള്‍ഡോയ്ക്ക് ബാലന്‍ ഡി ഓര്‍ ലഭിക്കാതിരിക്കാന്‍ റയല്‍ മാഡ്രിഡ് തീരുമാനിച്ചിരുന്നു. പോഗ്ബ, അന്റോണിയോ ഗ്രിസ്മാന്‍, എംബാപ്പെ എന്നിവര്‍ക്ക് ലഭിച്ചിരുന്നെങ്കിലും പോലും അതിനെ അംഗീകരിക്കാമായിരുന്നു. എന്നാല്‍ റയല്‍ താരമായ മോഡ്രിച്ചിന് എങ്ങനെ ഇത് ലഭിച്ചു എന്നത് മനസിലാകുന്നില്ല” ചില്ലിന് പറഞ്ഞു.

അവസാന സീസണിലെ ബാലന്‍ ഡി ഓര്‍ ജേതാവ് ഈ സീസണിലെ പട്ടികയില്‍ പോലുമില്ലെന്ന് പരിഹസിച്ച ചില്ലിനി ലോക കപ്പില്‍ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യന്‍ ടീമിലും മോഡ്രിച്ച് അംഗമായിരുന്നത് മാത്രമായിരുന്നു യോഗ്യതയെന്നും പറഞ്ഞു.

അതേസമയം ലയണല്‍ മെസ്സി ആറാം ബാലണ്‍ ഡിയോര്‍ കിരീടം ചൂടിയപ്പോള്‍ അതേ രാത്രിയില്‍ സീരി എയിലെ മികച്ച താരത്തിനുള്ള ബഹുമതി റൊണാള്‍ഡോയ്ക്ക് ലഭിച്ചു. ബാലന്‍ ഡി ഓര്‍ വേദിയില്‍ എത്താതെ മിലാനില്‍ നടന്ന പരിപാടിയിലാണ് റൊണാള്‍ഡോ പങ്കെടുത്തത്.