റയല്‍, ബാഴ്സ, യുവന്റസ് ക്ലബ്ബുകള്‍ക്ക് വിലക്ക്?, യുവേഫ നീക്കം തുടങ്ങി

യൂറോപ്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് ചുക്കാന്‍ പിടിച്ച ക്ലബ്ബുകള്‍ക്കെതിരെ നിയമനടപടിക്ക് തുടക്കമിട്ട് യുവേഫ. സ്പാനിഷ് ക്ലബുകളായ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, ഇറ്റാലിയന്‍ ക്ലബ് യുവന്റസ് എന്നിവയ്‌ക്കെതിരേയാണ് യുവേഫ നടപടികള്‍ ആരംഭിച്ചത്.

യുവേഫയുടെ അനുമതിയില്ലാതെ രഹസ്യസഖ്യമുണ്ടാക്കി എന്നതാണ് ക്ലബ്ബുകള്‍ക്കെതിരെയുള്ള കേസ്. യുവേഫ നിയമപ്രകാരം രണ്ട് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്താവുന്ന കുറ്റമാണിത്. യുവേഫയുടെ അച്ചടക്കസമിതിയാണ് ക്ലബ്ബുകള്‍ക്കെതിരെയുള്ള നടപടി തീരുമാനിക്കുക.

ക്ലബുകള്‍ക്കെതിരേ എന്ത് നടപടിയാവും കൈക്കൊള്ളുക എന്ന് യുവേഫ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിലക്കു വന്നാല്‍ അതിനെതിരെ അപ്പീല്‍ നല്‍കാന്‍ ക്ലബുകള്‍ക്ക് അവസരമുണ്ട്. അതും കഴിഞ്ഞാല്‍ ക്ലബ്ബുകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയിലും പരാതി നല്‍കാം.

എ.സി. മിലാന്‍, അത്‌ലറ്റിക്കോ മാഡ്രിഡ്, ആഴ്‌സണല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം, ചെല്‍സി എന്നിവരുമടക്കം പന്ത്രണ്ട് ക്ലബുകള്‍ ചേര്‍ന്നാണ് സൂപ്പര്‍ ലീഗിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ആരാധകരുടേയും യുവേഫയുടേയും പ്രതിഷേധം ശക്തമായതോടെ റയലും ബാഴ്‌സയും യുവന്റസും ഒഴികേയുള്ളവര്‍ പിന്മാറി. ഇതിനെ തുടര്‍ന്നാണ് യുവേഫ ഈ മൂന്ന് വമ്പന്‍ ക്ലബുകള്‍ക്കുമെതിരേയുള്ള നടപടിക്ക് തുടക്കമിട്ടത്.