ചാമ്പ്യന്‍സ് ലീഗ്; പി.എസ്.ജിയ്ക്ക് സെമിയില്‍ എതിരാളി ലെയ്പ്സിഗ്

സ്പാനിഷ് ക്ലബ്ബ് അത് ലറ്റിക്കോ മാഡ്രിഡിനെ തോല്‍പ്പിച്ച് ജര്‍മ്മന്‍ ക്ലബ്ബായ റെഡ്ബുള്‍ ലെയ്പ്സിഗ് ആദ്യമായി ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ കടന്നു. ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു ലെയ്പ്സിഗിന്റെ ജയം. അടുത്താഴ്ച നടക്കുന്ന സെമിയില്‍ നെയ്മറിന്റെ പി.എസ്.ജിയാണ് ലെയ്പ്സിഗിന്‍റെ എതിരാളി.

ജര്‍മ്മന്‍ ക്ലബിന്റെ ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് സെമിയാണിത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 51-ാം മിനിറ്റില്‍ ഡാനി ഒല്‍മോയുടെ ഹെഡറിലൂടെ ജര്‍മ്മന്‍ ടീം മുന്നിലെത്തി. 71-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി അത് ലറ്റിക്കോ ഒപ്പമെത്തി. ജാവോ ഫെലിക്സിനെ ബോക്സില്‍ വീഴ്ത്തിയതിനാണ് അത് ലറ്റിക്കോയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിളിച്ചത്.

Image

88-ാം മിനിറ്റിലാണ് ജര്‍മ്മന്‍ ക്ലബ്ബിന്റെ വിജയഗോള്‍ പിറന്നത്. പകരക്കാരനായി ഇറങ്ങിയ ടെയിലര്‍ ആഡംസിന്റെ ഷോട്ട് പ്രതിരോധിക്കാന്‍ ശ്രമിച്ച അത് ലറ്റിക്കോ താരത്തിന്റെ കാലില്‍ തട്ടി പന്ത് വലയിലേക്ക്. ഈ ഗോളിന്‍റെ ബലത്തില്‍ പുതുചരിത്രം കുറിച്ച് ലെയ്പ്സിഗ് സെമിയിലേക്ക്.

Image

നാളെ പുലര്‍ച്ചെ നടക്കുന്ന ക്വാര്‍ട്ടറില്‍ ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂനിക്ക് സ്പാനിഷ് ക്ലബ് ബാഴ്‌സലോണയെ നേരിടും. നാപ്പോളിയെ തോല്‍പ്പിച്ച് ബാഴ്സ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ചെല്‍സിയെ 7-1ന് തകര്‍ത്താണ് ബയേണിന്റെ മുന്നേറ്റം. ഓഗസ്റ്റ് 16-ന് മാഞ്ചസ്റ്റര്‍ സിറ്റി ലിയോണിനെ നേരിടും.