നെയ്മറിന്റെ ലോക റെക്കോഡ് പഴങ്കഥയാകും; പോഗ്ബ റയല്‍ മാഡ്രിഡിലേക്ക്

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിനെ സ്വന്തമാക്കാനായി ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി ബാഴ്‌സലോണയ്ക്ക് നല്‍കിയ ലോക റെക്കോഡ് തുക പഴങ്കഥയായേക്കും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബയ്ക്കായി റയല്‍ മാഡ്രിഡ് വമ്പന്‍ തുക ഓഫര്‍ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം സിദാന് കീഴില്‍ കളിക്കുന്നത് തന്റെ സ്വപ്‌നമാണെന്ന് പറഞ്ഞ പോഗ്ബയ്ക്കായി റയല്‍ ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനദിന്‍ സിദാനു കീഴില്‍ കളിക്കുകയെന്നതു തന്റെ സ്വപ്നമാണെന്നും റയല്‍ മാഡ്രിഡ് ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ ഒന്നാണെന്നും
പോഗ്ബ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ക്കായി ഫ്രാന്‍സ് ടീമിനൊപ്പമുള്ള താരം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് പോഗ്ബ വീണ്ടും ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളില്‍ സജീവമായത്.

“ഞാന്‍ മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്. റയലിനു വേണ്ടി കളിക്കുകയെന്നത് ഏതൊരു താരത്തിന്റെയും സ്വപ്നമാണ്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നാണ് റയല്‍ മാഡ്രിഡ്. അതു പോലെ തന്നെ ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും സ്വപ്നമായിരിക്കും സിദാനെ പോലൊരു പരിശീലകന്റെ കീഴില്‍ കളിക്കുകയെന്നത്. ഇപ്പോള്‍ ഞാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സന്തോഷവാനാണ്. എന്നാല്‍ ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് പറയാനാകില്ല.”” പോഗ്ബ പറഞ്ഞു.

മൗറീന്യോയുടെ പരിശീലകനായിരുന്നപ്പോള്‍ അതൃപ്തനായിരുന്ന പോഗ്ബ ഒലെ പരിശീലകനായി എത്തിയതിനു ശേഷമാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ ആരംഭിച്ചത്. ഒലെയുടെ താത്കാലിക കരാര്‍ സ്ഥിരമാക്കണമെന്ന ആവശ്യം അടുത്തിടെ പോഗ്ബ ഉന്നയിച്ചിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് നേടാതിരിക്കുകയും ഒലെ പരിശീലക സ്ഥാനത്തു നിന്നും പുറത്താവുകയും ചെയ്താല്‍ ഒരു പക്ഷേ പോഗ്ബ യുണൈറ്റഡ് വിട്ടേക്കും. പോഗ്ബ സമ്മതം മൂളുകയാണെങ്കില്‍ എന്തു വില കൊടുത്തും റയല്‍ മാഡ്രിഡ് താരത്തെ സ്വന്തമാക്കുമെന്ന കാര്യവും തീര്‍ച്ചയാണ്.

അതേസമയം, ടോണി ക്രൂസ്, ലൂക്ക മാഡ്രിച്ച്, ഇസ്‌ക്കോ തുടങ്ങിയ വമ്പന്‍മാര്‍ വാഴുന്ന റയല്‍ മധ്യനിരയില്‍ പോഗ്ബ എവിടെ കളിക്കുമെന്ന കാര്യത്തിലാണ് ആരാധകരുടെ കണ്‍ഫ്യൂഷന്‍.