പെലെയുടെ നില മെച്ചപ്പെട്ടു; ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത

വന്‍കുടലിലെ മുഴ നീക്കംചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ നില മെച്ചപ്പെടുന്നു. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പെലെ അറിയിച്ചു.

എണ്‍പതുകാരനായ പെലെ ശനിയാഴ്ചയാണ് സാവോപോളോയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പെലെ ആരോഗ്യപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്.

2015ല്‍ ആറ് മാസത്തിനിടെ രണ്ട് തവണ പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2019ല്‍ മൂത്രാശയ സംബന്ധമായ അസുഖത്തിനും ചികിത്സ തേടേണ്ടിവന്നു. പരസഹായത്തോടെയാണ് പെലെ നടക്കുന്നതെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു.