കോപ്പ അമേരിക്ക: പിന്നില്‍ നിന്നും കുതിച്ചു കയറി പരാഗ്വായ്, സമനില വഴങ്ങി അര്‍ജന്റീന

കോപ്പ അമേരിക്കയില്‍ ബൊളീവിയയ്ക്കെതിരേ പരാഗ്വായ്ക്ക് മിന്നും വിജയം. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് പരാഗ്വായ് മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് കളി പിടിച്ചത്.

പരാഗ്വായ്ക്കായി ഏംഗല്‍ റൊമേറോ ഇരട്ട ഗോള്‍ നേടി. അലക്സാണ്‍ഡ്രോ റൊമേറോയാണ് മറ്റൊരു ഗോള്‍ നേടിത്. ബൊളീവിയയ്ക്കായി എര്‍വിന്‍ സവേദ്ര ഗോള്‍ നേടി. പത്തുപേരായി ചുരുങ്ങിയതിനു ശേഷമാണ് ബൊളീവിയ മൂന്നു ഗോളുകള്‍ വഴങ്ങിയത്.

Image

10 മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കിക്കാണ് എര്‍വിന്‍ സവേദ്ര ഗോളാക്കി മാറ്റിയത്. പിന്നീട് കളിയുടെ രണ്ടാം പകുതിയിലെ 62ാം മിനിട്ടിലാണ് അലക്സാന്‍ഡ്രോ റൊമേറോയാണ് പരാഗ്വായ്ക്ക് സമനില ഗോള്‍ സമ്മാനിച്ചത്. പിന്നീട് 65ാം മിനിറ്റിലും 80ാം മിനിറ്റിലും റൊമേറോ വലകുലുക്കി.

ഗ്രൂപ്പ് ബി മത്സരത്തില്‍ അര്‍ജന്റീനയും ചിലിയും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. അര്‍ജന്റീനയ്ക്കായി നായകന്‍ ലയണല്‍ മെസിയും ചിലിയ്ക്ക് വേണ്ടി എഡ്വാര്‍ഡോ വര്‍ഗാസും ഗോള്‍ നേടി. ഇരുടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Image

33ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കിലൂടെയാണ് അര്‍ജന്റീന ഗോള്‍ നേടിയത്. മെസിയുടെ ഇടംകാലില്‍ നിന്നും കുതിച്ച പന്ത് ഗോള്‍കീപ്പര്‍ ബ്രാവോയ്ക്ക് ഒരു സാധ്യതയും നല്‍കാതെ പോസ്റ്റിന്റെ വലത്തേ മൂലയില്‍ പതിച്ചു. 57ാം മിനിറ്റില്‍ ചിലി ഗോള്‍ മടക്കി.