'വയസ്സന്‍മാരെ വെച്ച് കളിച്ചാല്‍ ഇങ്ങനിരിക്കും'; ബ്ലാസ്റ്റേഴ്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്. മാധവന്‍

കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരനും ഫുട്‌ബോള്‍ നിരീക്ഷികനുമായ എന്‍.എസ് മാധവന്‍. ഐ എസ് എല്ലില്‍ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് കാരണം ടീം സെലക്ഷന്‍ ആണ് എന്നാണ് അദ്ദേഹം പറയുന്നത്. ട്വിറ്ററിലൂടെയാണ് എന്.എസ് മാധവന്‍ ബ്ലാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.

ടീമിന്റെ പരാജയങ്ങള്‍ക്കെല്ലാം ഒറ്റ ഉത്തരമേ ഉള്ളു. അത് ടീമിന്റെ തിരഞ്ഞെടുപ്പാണ്. ഗോള്‍കീപ്പറായ സന്ദീപ് നന്ദിയേ നോക്കു. അയാള്‍ക്ക് 42 വയസ്സുണ്ട്. കഴിഞ്ഞ വര്‍ഷം ഐ ലീഗില്‍ അയാള്‍ ഒരു കളി പോലും കളിച്ചിട്ടില്ല.മാഞ്ചസ്റ്റര്‍ താരമെന്ന് കൊട്ടിഘോഷിച്ചുകൊണ്ടുവന്ന റഹ്ബുക്കയ്ക്ക് 36 വയസ്സുണ്ട്. യുണൈറ്റഡിനു വേണ്ടി ആകെ അയാള്‍ 3 കളികള്‍ മാത്രമാണ് കളിച്ചിരിക്കുന്നത്. ബര്‍ബറ്റോവ് അയാളുടെ ആയകാലത്ത് പ്രതിഭതന്നെയായിരുന്നു എന്നാല്‍ അയാള്‍ വര്‍ഷങ്ങളായി പ്രഫഷണല്‍ ഫുട്‌ബോള്‍ കളിച്ചിട്ട്. മറ്റൊരു യുണൈറ്റഡ് ടാഗുമായി എത്തിയ താരമാണ് വെസ് ബ്രൗണ്‍. അയാളും കഴിഞ്ഞ സീസണില്‍ ബ്ലാക്ക്വണിനായി കാര്യമായ സംഭാവനകളൊന്നും നല്‍കാത്ത താരമാണ്.

ഇയാന്‍ ഹ്യും തന്റെ നല്ലകാലത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് വിട്ടത് എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രതിഭയുടെ നിഴലുമാത്രമായിട്ടാണ്.

മാഞ്ച്സ്റ്റര്‍ യുണൈറ്റഡിനോടുള്ള അമിതാരാധനയും വിധേയത്വവും മാറ്റിവച്ച് പുതിയ കളിക്കാരെയും പരിശീലകരെയും കൊണ്ടുവരു എന്നും എന്‍.എസ്.മാധവന്‍ട്വിറ്ററില് കുറിച്ചു.