അമ്പരപ്പിച്ച് ബാഴ്‌സ, നെയ്മര്‍ തിരിച്ചെത്തി!?

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ബാഴ്‌സലോണയില്‍ തിരിച്ചെത്തിയതായി റിപ്പോര്‍ട്ട്. ജര്‍മ്മനിയിലെ നമ്പര്‍ വണ്‍ ചാനലായ എആര്‍ഡിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ബാഴ്‌സയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

ബാഴ്‌സ പ്രസിഡന്റ് ജോസഫ് മറിയാ ബാര്‍ത്തോമിയയുമായി നെയ്മര്‍ കൂടിക്കാഴ്ച നടത്തുകയും പിഎസ്ജിയില്‍ ഇപ്പോള്‍ ലഭിക്കുന്ന വേതനത്തേക്കാള്‍ കുറഞ്ഞ തുകയ്ക്ക് ബാഴ്‌സയിലേക്ക് തിരിച്ചെത്താമെന്ന് നെയ്മര്‍ സമ്മതിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മെസിയ്‌ക്കൊപ്പം കളിക്കാനുളള ആഗ്രഹമാണത്രെ നെയ്മറെ സ്പാനിഷ് ലീഗിലേക്ക് വീണ്ടുമെത്തിച്ചിരിക്കുന്നത്.

ബാഴ്‌സലോണയില്‍ നിന്ന് റെക്കോഡ് ട്രാന്‍സ്ഫര്‍ തുകയ്ക്ക് 2017-  ലാണ് നെയ്മര്‍ പാരീസ് സെന്റ് ജര്‍മനിലേക്ക്(പിഎസ്ജി) പോയത്. ബാഴ്‌സയില്‍ മെസ്സിയുടെയും സുവാരസിന്റെയും നിഴലില്‍ ഒതുങ്ങേണ്ടി വരുന്നുവെന്നതായിരുന്നു നെയ്മറെ കൂടുമാറ്റത്തിന് പ്രേരിപ്പിച്ചത്.

എന്നാല്‍ പി എസ് ജിയില്‍ നെയ്മര്‍ക്ക് വേണ്ടത്ര ശോഭിക്കാനായില്ല. പിന്നാലെ പരിക്കും വിവാദങ്ങളും താരത്തെ തളര്‍ത്തുകയും ചെയ്തു. നെയ്മര്‍ ക്ലബ്ബ് വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തടയില്ലെന്ന് പി എസ് ജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനിടെ, നെയ്മറുമൊത്തുള്ള ചിത്രം റയല്‍ താരം കരീം ബെന്‍സേമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് താരം റയലിലേക്ക് തന്നെയെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് കാരണമായി.