'ഫൈനലില്‍ തോല്‍പ്പിക്കാന്‍ ഞങ്ങള്‍ക്ക് അര്‍ജന്റീനയെ വേണം'; വെല്ലുവിളിയുമായി നെയ്മര്‍

കോപ്പ അമേരിക്കയുടെ ഫൈനലില്‍ തങ്ങള്‍ക്ക് അര്‍ജന്റീനയെ എതിരാളിയായി വേണമെന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. അര്‍ജന്റീനയില്‍ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട് എന്നാണ് ഇതിന് കാരണമായി നെയ്മര്‍ പറയുന്നത്.

“ഫൈനലില്‍ എനിക്ക് അര്‍ജന്റീനക്കെതിരെ കളിക്കണം എന്നാണ് ആഗ്രഹം. കാരണം അര്‍ജന്റീനയില്‍ എനിക്ക് സുഹൃത്തുക്കളുണ്ട്. എന്നാല്‍ ഫൈനലില്‍ ബ്രസീല്‍ ജയിക്കും.” പെറുവിനെതിരായ മത്സരത്തിന് ശേഷം ചിരി നിറച്ച് നെയ്മര്‍ പറഞ്ഞു.

Neymar wants Brazil to face Argentina in Copa America final | Reuters

പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനു മറികടന്നാണ് നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീല്‍ ഫൈനലില്‍ പ്രവേശിച്ചത്. ക്വാര്‍ട്ടറിലും ബ്രസീലിന്റെ ഏക ഗോള്‍ നേടിയ ലുക്കാസ് പക്വേറ്റയാണ് സെമിയിലും രക്ഷകനായത്.

35-ാം മിനിറ്റിലായിരുന്നു ലുക്കാസ് പക്വേറ്റയുടെ ഗോള്‍. മൈതാന മധ്യത്തു നിന്ന് റിച്ചാര്‍ലിസന്‍ നല്‍കിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ നെയ്മറാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്സില്‍ വെച്ച് നെയ്മര്‍ നല്‍കിയ പാസ് പക്വേറ്റയ്ക്ക് അനായാസം വലയിലെത്തിച്ചു.

Image

കോപ്പയില്‍ ബ്രസീല്‍ – അര്‍ജന്റീന ക്ലാസിക് ഫൈനലിന് കളമൊരുങ്ങുമോ എന്നാണ് ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത്. ബുധനാഴ്ച പുലര്‍ച്ചെ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീന കൊളംബിയയുമായി ഏറ്റുമുട്ടുന്നതോടെ ഫൈനല്‍ ചിത്രം വ്യക്തമാകും. ഞായറാഴ്ച പുലര്‍ച്ചെയാണ് ഫൈനല്‍.