ഐഎസ്എല്ലില്‍ തമ്മിലടി; നാണംകെട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍

ഐഎസ്എല്ലില്‍ വീണ്ടും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര ഡെര്‍ബിക്കു ശേഷം മുംബൈ സിറ്റി എഫ്‌സിയുടെ ആരാധകരെ പൂണെ സിറ്റിയുടെ ആരാധകര്‍ കൂട്ടം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു.

ഇന്നലത്തെ മത്സരത്തിനു ശേഷം സ്റ്റേഡിയത്തിനുള്ളില്‍ വെച്ച് തന്നെ വച്ച് പൂണെ സിറ്റി ആരാധകര്‍ മുംബൈ ആരാധകരെ വടിയും കല്ലുകളും വെച്ച് അക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

നിരന്തരമായി ഇത്തരം വിഷയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഐഎസ്എല്ലില്‍ എവേ സ്റ്റാന്റുകള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. എതിര്‍ ടീം ഫാന്‍സിനു സുരക്ഷിതമായി കളികാണാന്‍ ഇനി വരുന്ന മത്സരങ്ങള്‍ക്ക് ഈ സൗകര്യങ്ങളൊരുക്കാന്‍ തയ്യാറാവണമെന്ന് മുംബൈ സിറ്റി എഫ്‌സിയും നിരവധി ആരാധകരും ആവശ്യപ്പെടുന്നു.

ഇന്നലെ ബലേവാഡി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പുനെ സിറ്റി 2-1ന് വിജയിച്ചു. ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷം കളിയുടെ അവസാന ഘട്ടങ്ങളില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് പൂനെ വിജയിച്ചത്. അതോടെ ആവേശത്തിലായ കാണികളാണു അക്രമത്തിനു തുനിഞ്ഞത്.