ഐഎസ്എല്ലിലേക്ക് ഒരു വമ്പന്‍ ക്ലബ് കൂടിയെത്തുന്നു

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണ്‍ മുതല്‍ കൊല്‍ക്കത്തയിലെ വമ്പന്‍ ക്ലബായ മോഹന്‍ ബഗാനും ഉള്‍പ്പെടാനൊരുങ്ങുന്നതായി സൂചനകള്‍. ഐഎസ്എല്ലിന്റെ ഫ്രാഞ്ചൈസി ഫീസായ 15 കോടി രൂപ നല്‍കി അടുത്ത സീസണ്‍ മുതല്‍ മോഹന്‍ ബഗാനും ഐഎസ്എല്ലില്‍ പന്തു തട്ടാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഐ ലീഗും ഐഎസ്എല്ലും തമ്മില്‍ ലയിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ടെങ്കിലും കൊല്‍ക്കത്തന്‍ ശക്തികളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഇതിനോട് ഇടഞ്ഞു നില്‍ക്കുകയായിരുന്നു. ഫ്രാഞ്ചൈസി ഫീസായി നല്‍കേണ്ട തുകയിലും കൊല്‍ക്കത്തയില്‍ മത്സരം നടത്തുന്ന സ്റ്റേഡിയത്തിന്റെ കാര്യത്തിലുമായിരുന്നു ഇരു ടീമുകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നത്.

ഇപ്പോള്‍ ഐ ലീഗില്‍ കളിച്ചു കൊണ്ടിരിക്കുന്ന മോഹന്‍ ബഗാന്‍ ടീമിലെത്തുന്നതോടെ ചിരവൈരികളായ ഈസ്റ്റ് ബംഗാളും ഐഎസ്എല്ലിലെത്തുമെന്നാണ് പ്രതീക്ഷകള്‍. ഇരു കൊല്‍ക്കത്ത ശക്തികളും ഐഎസ് എല്ലിലെത്തിയാല്‍ ടൂര്‍ണമെന്റിന്റെ മുഖം തന്നെ മാറുമെന്നുറപ്പാണ്. നേരത്തേ ഐ ലീഗ് ക്ലബുകളായ ബംഗളുരു എഫ്‌സി ഐ ലീഗിലേക്ക് ചേക്കേറിയിരുന്നു.

വമ്പന്‍ ചരിത്രം അവകാശപ്പെടാനുള്ള മോഹന്‍ ബഗാന്‍ ഐഎസ്എല്ലിലെത്തുന്നതോടെ ഇന്ത്യന്‍ ഫുട്ബോളില്‍ തന്നെ അതു സമൂലമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കും. മികച്ച ആരാധക പിന്തുണയുള്ള മോഹന്‍ ബഗാന്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പല നേട്ടങ്ങളും അവര്‍ മറികടക്കാനും സാധ്യതയുണ്ട.