ചെന്നൈയിന്‍ കൈവിട്ടു; റാഫിയ്ക്ക് പിന്നാലെ വിനീതും ബ്ലാസ്റ്റേഴ്‌സിലെത്തുമോ?

ഐഎസ്എല്‍ ആറാം സീസണ്‍ ഒക്ടോബര്‍ 20 ന് തുടങ്ങാനിരിക്കെ മലയാളി താരം സി കെ വിനീത് നിലവിലെ ടീമായ ചെന്നൈയിന്‍ എഫ്‌സിയില്‍ നിന്ന് പുറത്ത്. കഴിഞ്ഞ സീസണിന്റെ പകുതിയില്‍ ലോണ്‍ വ്യവസ്ഥയില്‍ ചെന്നൈയിലെത്തിയ വിനീത് അവര്‍ക്കായി നാലുഗോളുകളും നേടിയിട്ടുണ്ട്. വിനീതിനെ കൂടാതെ മലയാളി താരം എം. മുഹമ്മദ് റാഫിയും ചെന്നൈയിന്‍ വിട്ടിട്ടുണ്ട്.

ചെന്നൈയിന്‍ വിട്ട റാഫി ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരും. റാഫി, രണ്ട്, മൂന്ന് സീസണുകളില്‍ മഞ്ഞപ്പടയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. പ്രഥമ ഐഎസ്എല്ലില്‍ എടികെ കിരീടം നേടിയപ്പോഴും പിന്നീട് ചെന്നൈയില്‍ എഫ് സി ജേതാക്കളായപ്പോഴും റാഫി ടീമിലുണ്ടായിരുന്നു. ഇത്തവണ ബ്ലാസ്റ്റേഴ്‌സിനു മികച്ച ടീമാണുള്ളതെന്നും കപ്പടിക്കാമെന്നാണു പ്രതീക്ഷയെന്നും റാഫി പറയുന്നു.

റാഫി ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങി എത്തിയെങ്കിലും വിനീത് ടീമിലേക്ക് എത്തുമോ എന്നതിനെ കുറിച്ച് വിവരമില്ല. ബ്ലാസ്റ്റേഴ്സ് ആരാധകരുമായുള്ള അകല്‍ച്ചയെ തുടര്‍ന്ന് ടീം വിട്ട വിനീതിന്‍റെ  നിലപാടാണ് തിരികെയെത്തല്‍ സാധ്യത കുറയ്ക്കുന്നത്. ഒക്ടോബര്‍ 20-ന് കൊച്ചിയില്‍ വെച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ പോരാട്ടത്തോടെ പുതിയ സീസണ്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. 90 മത്സരങ്ങളാണ് ലീഗ്ഘട്ടത്തില്‍ നടക്കുക. നവംബര്‍ 10 മുതല്‍ 23 വരെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള ഇടവേളയാണ്. അടുത്ത വര്‍ഷം ഫെബ്രുവരി 23-ന് ലീഗ്ഘട്ട മത്സരങ്ങള്‍ അവസാനിക്കും.