ഇംഗ്ലീഷുകാരെ, ആദ്യം എതിരാളികളെ ബഹുമാനിക്കാന്‍ പഠിക്കൂ; പൊട്ടിത്തെറിച്ച് മോഡ്രിച്ച്

Gambinos Ad

ഇംഗ്ലീഷുകാരെ കെട്ടുകെട്ടിച്ച് ക്രൊയേഷ്യ പ്രവേശിച്ചത് ഫൈനലിലേക്കു മാത്രമല്ല, ചരിത്രത്തിലേക്കു കൂടിയാണ്. റഷ്യയില്‍ ലോകകപ്പ് തുടങ്ങുന്നതിനു മുമ്പ് ഫേവറേറ്റുകളുടെ പട്ടികയില്‍ ക്രൊയേഷ്യയുണ്ടായിരുന്നില്ല. ഒരുപക്ഷെ ക്രൊയേഷ്യക്കാരുപോലും ഇങ്ങനൊരു മുന്നേറ്റം സ്വപ്നം കണ്ടിട്ടുണ്ടാവില്ല. ഇതാദ്യമായാണ് ക്രൊയേഷ്യയ്ക്ക് ലോകകപ്പ് ഫൈനലിലേക്ക് പ്രവേശനം ലഭിക്കുന്നത്.

Gambinos Ad

ക്രോട്ടുകളുടെ മുന്നേറ്റത്തിന് ടീം കടപ്പെട്ടിരിക്കുന്നത് നായകന്‍ ലൂകാ മോഡ്രിച്ചിനോടാണ്. ഈ റയല്‍ മാഡ്രിഡ് താരത്തിന്റെ കയ്യുംമെയ്യും മറന്നുള്ള അധ്വാനമാണ് ഒരു ശരാശരി ടീം മാത്രമായ ക്രൊയേഷ്യയുടെ ഈ കുതിപ്പിനു പിന്നില്‍. ഇംഗ്ലണ്ടിന്റെ യുവനിരയോട് ക്രൊയേഷ്യയുടെ വൃദ്ധനിരയ്ക്ക് ഓടിയെത്താനാവില്ലെന്നായിരുന്നു കളി തുടങ്ങും മുമ്പ് ഇംഗ്ലീഷ് ജനത വിശ്വസിച്ചത്. ഇംഗ്ലീഷ് മാധ്യമങ്ങളെല്ലാം സെമിയ്ക്കു മുമ്പ് തന്നെ വിജയം ഉറപ്പിച്ചിരുന്നു. ക്രൊയേഷ്യയെ അവര്‍ പരിഹസിച്ചു. ഇംഗ്ലീഷ് ടീമും ക്രോട്ടുകളെ വില കുറച്ചു കണ്ടു. അതിന്റെ ശിക്ഷ ക്രൊയേഷ്യ മൈതാനത്ത് നല്‍കി. പതിറ്റാണ്ടുകളെ കാത്തിരിപ്പിനു ശേഷം ഒരു ഫൈനല്‍ കളിക്കാനെത്തിയ ഇംഗ്ലീഷ് ടീമിനു അടിതെറ്റി. മൈതാനത്ത് അവര്‍ വിങ്ങിപ്പൊട്ടി.

ഇപ്പോള്‍ ക്രൊയേഷ്യന്‍ നായകന്‍ മോഡ്രിച്ച് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ. കളിയ്ക്കു മുമ്പും കളി നടക്കുമ്പോഴും മൗനിയായിരുന്ന മോഡ്രിച്ച് വിജയത്തിനു ശേഷം ഇംഗ്ലണ്ടിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്.’ ഇംഗ്ലണ്ടിലെ മാധ്യമങ്ങളും, ഫുട്‌ബോള്‍ നിരീക്ഷകരും ഞങ്ങളെ വില കുറച്ചു കണ്ടു.ഞങ്ങള്‍ ഓടിത്തളരുമെന്നും ക്ഷീണിതരായി വീഴുമെന്നും അവര്‍ എഴുതിപ്പിടിപ്പിച്ചു. ഈ പരിഹാസം ഞങ്ങളെ കൂടുതല്‍ ഉന്മേഷവാന്‍മാരാക്കി.അവരുടെ വാദങ്ങള്‍ ഞങ്ങള്‍ക്ക് പൊളിച്ചടുക്കണമായിരുന്നു. പക്ഷെ ഒന്നു പറയട്ടെ, ഇംഗ്ലീഷുകാര്‍ കുറച്ചുകൂടി പക്വത കാണിക്കണം. എതിരാളികളെ ബഹുമാനിക്കാന്‍ പഠിക്കണം എളിമയുണ്ടെന്നത് അലങ്കാരമാകില്ല’ മോഡ്രിച്ച് തുറന്നടിച്ചു.

ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ടിനെ ക്രൊയേഷ്യ പരാജയപ്പെടുത്തിയത്.  15ന് നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സാണ് ക്രൊയേഷ്യയുടെ എതിരാളി. ഇവാന്‍ പെരിസിച്ച്, മരിയോ മാന്‍സൂക്കിച്ച് എന്നിവരാണ് ക്രൊയേഷ്യയുടെ ഗോളുകള്‍ നേടിയത്. കിരണ്‍ ട്രിപിയ ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു.