ഗോളടിച്ച് എതിര്‍ ഗോളിയെയും കളിക്കാരെയും ഇങ്ങിനെ തലയില്‍ കൈവെയ്പ്പിക്കുന്ന ലോകത്തിലെ ഒരേ ഒരു താരം- കിങ് ലിയോ!

മെസിയുടെ ചിപ്പിംഗ് ഗോളിന്റെ ആരവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അവസാനിക്കുന്നില്ല. റയല്‍ ബെറ്റിസിനെതിരായ മത്സരത്തില്‍ ഹാട്രിക്ക് അടിച്ച് ബാഴ്‌സലോണയെ വിജയിപ്പിച്ച ഇതിഹാസ താരം ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഗോളാണ് കഴിഞ്ഞ ദിവസം മുതല്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയം.

മത്സരത്തിലെ മെസി നേടിയ മൂന്നാമത്തെ ഗോളില്‍ അമ്പരന്ന് തലയില്‍ കൈവെച്ച് നില്‍ക്കുന്ന റയല്‍ ബെറ്റിസ് ഗോളിയുടെയും താരങ്ങളുടെയും ചിത്രങ്ങളാണ് ഈ കൂട്ടത്തിലെ പുതിയ ചര്‍ച്ച. അസാധ്യമായത് സാധ്യമാക്കിയ മെസി മാജിക്കില്‍ കളിക്കാര്‍ക്ക് പുറമെ ബെറ്റിസിന്റെ ആരാധകര്‍ പോലും അമ്പരന്നു. എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് മെസിയുടെ ഗോളിനെ ബെറ്റിസ് ആരാധകര്‍ വരവേറ്റത്.

24 കാരനായ സ്പാനിഷ് ഗോളി പൊ ലോപസായിരുന്നു ബെറ്റിസിന്റെ വല കാത്തത്. സാധാരണ കളിക്കാര്‍ക്ക് ഒരിക്കലും സാധ്യമല്ലാത്ത ഒരു പൊസിഷനില്‍ നിന്ന് പന്ത് വലയിലേക്ക് തൂക്കിയിട്ട മെസിയുടെ മികവില്‍ “ഞാനെന്ത് കാട്ടാനാ” എന്ന രീതിയിലുള്ള മുഖഭാവമായിരുന്നു ഈ ഗോള്‍ കീപ്പര്‍ക്ക്.

അതേസമയം, രണ്ട് കയ്യും തലയില്‍ വെച്ച് അമ്പരന്ന് നില്‍ക്കുന്ന ബെറ്റിസ് പ്രതിരോധ താരത്തിന്റെയും പന്ത് നല്‍കിയ ബാഴ്‌സലോണ താരം റാകിടിച്ചിന്റെ മുഖത്തും മെസിയെന്ന അതുല്യ പ്രതിഭാസത്തിന്റെ കഴിവ് എന്തെന്ന് ഉണ്ടായിരുന്നു.

മത്സരത്തില്‍ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് ജയിച്ച ബാഴ്‌സലോണയ്ക്കായി മെസി ഹാട്രിക്ക് നേടി. 18ാം മിനിറ്റിലായിരുന്ന മെസിയുടെ പ്രതിഭാസ്പര്‍ശമുള്ള ആദ്യ ഗോള്‍ മത്സരത്തില്‍ പിറന്നത്. ബോക്‌സിന് മുന്നില്‍ നിന്നും ലഭിച്ച ഫ്രീകിക്ക് ഉഗ്രന്‍ ഗോളാക്കി മെസി ആരാധകരെ അമ്പരപ്പിച്ചു. ഇടങ്കാലന്‍ ബുള്ളറ്റ് ഷോട്ട് ഗോള്‍ കീപ്പര്‍ കവര്‍ ചെയ്തിരുന്ന ഫസ്റ്റ് പോസ്റ്റിന്റെ മൂലയിലേക്ക് തുളച്ചുകയറി. സ്‌കോര്‍ 1-0.

ആദ്യപകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു മെസി രണ്ടാം ഗോള്‍. പോസ്റ്റിലേക്ക് പന്തുമായി കുതിച്ച സുവാരസ് പ്രതിരോധനിരയെ കബളിപ്പിച്ച് നല്‍കിയ ഹീല്‍ പാസ് മെസി ഗോളാക്കുകയായിരുന്നു. ബാഴ്‌സയുടെ മൂന്നാം ഗോള്‍ സുവാരസിന്റെ വകയായിരുന്നു. മെസി ഒരുക്കി നല്‍കിയ തുറന്ന അവസരങ്ങളടക്കം പാഴാക്കുന്നതില്‍ മത്സരിച്ച സുവാരസ് ഒടുവില്‍ ലക്ഷ്യം കണ്ടു.

85ാം മിനിറ്റിലായിരുന്നു മെസിയുടെ മാജിക്ക് ഗോള്‍. മധ്യനിര താരം റാകിടിച്ചിന്റെ പാസ് കാലില്‍ നിര്‍ത്തുക പോലും ചെയ്യാതെ ബോക്‌സിന് പുറത്തു നിന്ന് മെസി ചിപ്പ് ചെയ്ത ഗോളാക്കി. ഗോള്‍ കീപ്പറെ മറികടന്ന് പോസ്റ്റിലേക്ക് തൂങ്ങിയിറങ്ങിയ പന്ത് ബാറില്‍ തട്ടി വലയിലേക്ക്. മെസിയുടെ ഈ അത്ഭുത ഗോള്‍ കണ്ട് സ്‌റ്റേഡിയം മൊത്തം ഒരു നിമിഷം സ്തബ്ധരായി. പിന്നീട് പൊട്ടിത്തെറിച്ചു. റയല്‍ ബെറ്റിസ് ആരാധകര്‍ മെസിയ്ക്കായി എഴുന്നേറ്റു നിന്ന് കയ്യടിച്ച് പോയി. അത്രയും മനോഹരമായാണ് മെസി പന്ത് വലയിലെത്തിച്ചത്.

കരിയറില്‍ മെസിയുടെ 51ാം ഹാട്രിക്കായിരുന്നു ഇത്. ലാലീഗിയിലെ ഈ സീസണില്‍ 24 മത്സരങ്ങളില്‍ നിന്ന് മെസിയുടെ പേരിലുള്ള ഗോളുകളുടെ എണ്ണം ഇതോടെ 29 ആയി. മൊത്തം മത്സരങ്ങളില്‍ ഇത് 39ഉം ആയി. ലീഗ് കിരീടം ഏകദേശം ഉറപ്പിച്ച ബാഴ്‌സലോണ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം പത്ത് പോയിന്റുമാക്കി. മൂന്നാം സ്ഥാനക്കാരായ ബദ്ധവൈരികളായ റയല്‍ മാഡ്രിഡുമായുള്ള വ്യത്യാസം 12 മായി.

30ന് എസ്പ്യാനിയോളുമായാണ് കാറ്റലന്‍സിന്റെ അടുത്ത മത്സരം. അതേസമയം, ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് മെസിയുടെയും കൂട്ടരുടെയും എതിരാളി.