മെസിയാണെന്ന വ്യാജേന 23 യുവതികളുമായി കിടക്ക പങ്കിട്ടു, ‘ഇറാനിയന്‍ മെസി’ വിവാദത്തില്‍

ഇറാനിയന്‍ സ്വദേശിയായ റാസ പരസ്‌തേഷിവിന് ഫുട്‌ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുമായുളള അമ്പരപ്പിക്കുന്ന രൂപസാദൃശ്യം ലോകമാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച വാര്‍ത്തകളിലൊന്നാണ്. മെസിയുമായുളള രൂപസാദൃശ്യം തന്റെ സ്വകാര്യത നഷ്ടപ്പെടുത്തിയെന്ന റാസയുടെ പരാതി ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു.

എന്നാല്‍ മെസിയുമായുള്ള തന്റെ രൂപസാദൃശ്യം സ്ത്രീകളെ പാട്ടിലാക്കാന്‍ റാസ ഉപയോഗിച്ചുവെന്നാണ് പുറത്ത് വരുന്ന പുതിയ ആരോപണം. 23 യുവതികളെയാണ് റാസ ഇത്തരത്തില്‍ വഞ്ചിച്ചതത്രേ. റാസക്കെതിരെ ഉണ്ടായ ആരോപണത്തെ കുറിച്ച് സ്പാനിഷ് മാധ്യമമായ മാര്‍ക്കയാണു വെളിപ്പെടുത്തിയത്. എന്നാല്‍ റാസയ്‌ക്കെതിരെയുളള ആരോപണത്തില്‍ കഴമ്പില്ലെന്നാണ് ഇറാന്‍ അധികൃതര്‍ പറയുന്നത്.

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് റാസയുടെ അച്ഛന്‍ ഒരു ബാഴ്‌സലോണ ജെഴ്‌സി മകനു നല്‍കി ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതോടെയാണ് റാസ പ്രശസ്തനായത്. മെസിയുടെ രൂപസാദൃശ്യത്തിനൊപ്പം ബാഴ്‌സലോണ ജെഴ്‌സിയും അണിഞ്ഞായിരുന്നു റാസയുടെ പിന്നീടുളള നടത്തം.

ഇന്റര്‍നെറ്റില്‍ വളരെ പെട്ടന്നു തന്നെ മെസിയുടെ അപരനെന്ന രീതിയില്‍ ഫോട്ടോ വൈറലായി. അതിനു ശേഷം അതു സ്വകാര്യത നഷ്ടപ്പെടുത്തിയെന്നും റാസ തന്നെ വെളിപ്പെടുത്തിയിരുന്നു.