'മെസി അതുല്യ പ്രതിഭ, റൊണാള്‍ഡോയ്ക്ക് അത്രയും ഉയരത്തിലെത്താന്‍ സാധിക്കില്ല'

ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം ആരെന്നുള്ള ചര്‍ച്ച പെലെയും മറഡോണയെയും കടന്ന് ഇപ്പോള്‍ റൊണാള്‍ഡോയിലും മെസിയിലും എത്തി നില്‍ക്കുകയാണ്. അതേസമയം, കളിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന മിക്കവാറും ആളുകള്‍ മെസിയാണ് റൊണാള്‍ഡോയേക്കാള്‍ കേമന്‍ എന്നാണ് അഭിപ്രായം പറയുന്നത്. എഡ്വിന്‍ ഹസാര്‍ഡ്, തിയറി ഹെന്റി തുടങ്ങി നിലവില്‍ കളിക്കുന്നവരും കളിച്ചിരുന്നവരുമായ താരങ്ങള്‍ മെസിയുടെ പേരാണ് മികച്ച താരമായി പറയുന്നത്.

റയല്‍ മാഡ്രിഡ്, റോമ, മിലാന്‍, യുവന്റസ് തുടങ്ങി വമ്പന്‍ ക്ലബ്ബുകളുടെ മാനേജരായിരുന്ന ലോകത്തെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളായി വിലയിരുത്തുകയും ചെയ്യുന്ന ഫാബിയോ കപ്പെല്ലോയാണ് റൊണാള്‍ഡോയേക്കാള്‍ മികച്ച താരം മെസിയാണെന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നത്.

ലോകത്ത് ഏറ്റവും പ്രതിഭാശാലികളായ മൂന്ന് താരങ്ങളാണ് ഉള്ളത്. പെലെ, മറഡോണ, മെസി എന്നിവരാണ് അവര്‍. റൊണാള്‍ഡോയെ ആ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല. അതിനര്‍ത്ഥം റൊണാള്‍ഡോ മോശം താരമാണ് എന്നതല്ല. റൊണാള്‍ഡോ മികച്ച കളിക്കാരനാണ്. എന്നാല്‍ ജീനിയസ് അല്ല. മെസിയാണ് സമകാലീന ഫുട്‌ബോളിലെ ഏറ്റവും ജീനിയസായ കളിക്കാരന്‍. കപ്പെല്ലോ പറഞ്ഞു.

ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ ഹാട്രിക്ക് മികവില്‍ യുവന്റസും മെസിയുടെ മികവില്‍ ബാഴ്‌സലോണയും ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിരുന്നു.