ആരാധകരിലെ കാരണവര്‍ക്ക് മെസിയുടെ സ്നേഹാദരം; കൈയടിച്ച് ഫുട്ബോള്‍ ലോകം

കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീന ജേതാക്കളായതിന്റെ ആഘോഷം പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല. സൂപ്പര്‍ താരം ലയണല്‍ മെസി സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിലാണ്. വിജയലഹരിക്കിടയിലും ആരാധകരിലെ ഏറ്റവും തലമുതിര്‍ന്നയാളുടെ ആഗ്രഹം സാധിച്ചുകൊടുത്ത ലിയോ കൈയടി നേടിയിരിക്കുകയാണ്.

ഡോണ്‍ ഹെര്‍നന്‍ എന്ന നൂറു വയസുകാരനായ മെസി ആരാധകനാണ് കഥയിലെ നായകന്‍. ലയണല്‍ മെസിയെ കരിയറിലെ തുടക്കം മുതല്‍ പിന്തുടരുന്ന ഹെര്‍നന്റെ രാജ്യം സ്പെയ്ന്‍. മെസിയുടെ ഓരോ ഗോളും ഹെര്‍നന്‍ കുറിച്ചുവയ്ക്കാറുണ്ട്. എഴുന്നൂറിലേറെ ബുക്കുകളാണ് മെസിയുടെ വീരഗാഥ കുറിച്ചുവയ്ക്കാന്‍ അദ്ദേഹം ഉപയോഗിച്ചത്. മെസിയുടെ മത്സരം ഏതെങ്കിലും കാരണത്താല്‍ കാണാന്‍ വിട്ടാല്‍ ഹെര്‍നന്‍ മകനോട് ചോദിച്ച ഗോള്‍ കണക്ക് രേഖപ്പെടുത്താന്‍ മറക്കാറില്ല.

Messi greets 100-year-old superfan after Copa America win | Video | Football News | Onmanorama

കോപ്പ അമേരിക്കയ്ക്കിടെ മെസി തന്റെ വലിയ ആരാധകനെ കുറിച്ച് അറിഞ്ഞു. കിരീട വിജയശേഷം മെസി ഹെര്‍നന് ഒരു വീഡിയോ സന്ദേശം അയച്ചു. “” ഹെര്‍നന്‍ നിങ്ങളുടെ കഥ ഞാന്‍ അറിഞ്ഞു. നിങ്ങള്‍ എന്നെ ഏറെ ഇഷ്ടപ്പെടുന്നതായി തോന്നുന്നു. അതിനാലാണ് നിങ്ങള്‍ എന്റെ ഗോളുകള്‍ കുറിച്ചുവയ്ക്കുന്നത്. നിങ്ങള്‍ക്ക് നന്ദി” മെസി വീഡിയോയില്‍ പറഞ്ഞു.

കുടുംബാംഗങ്ങള്‍ക്കൊപ്പം വീഡിയോ കണ്ട ഹെര്‍നന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു. നിങ്ങളെ ഞാന്‍ എല്ലായ്പ്പോഴും അനുഗമിച്ചിരുന്നു. ഇനിയും അതു തുടരും. അവസാനംവരെ ഞാന്‍ നിങ്ങള്‍ക്കു പിന്നാലെയുണ്ടാവുമെന്നു ഹെര്‍നന്‍ മറുപടിയായി നല്‍കിയ വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഹെര്‍നന്റെ ചെറുമകന്‍ ജൂലിയന്‍ സോഷ്യല്‍ മീഡയില്‍ പങ്കുവച്ചി രണ്ടു വീഡിയോകളും ഫുട്ബോള്‍ പ്രേമികള്‍ ഏറ്റെടുത്തുകഴിഞ്ഞു.