മെസിയെ ഫൗള്‍ ചെയ്യരുത്, ഫോട്ടോ എടുക്കരുത്: വിചിത്ര നിയമങ്ങളുമായി അര്‍ജന്റീന

ലോക കപ്പിന് ശേഷം സൂപ്പര്‍ താരം ലയണല്‍ മെസി രാജ്യത്തിന് വേണ്ടി മൊറോക്കൊക്കെതിരേ ഇറങ്ങുന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയുടെ വിചിത്ര നിയമങ്ങള്‍ ഫു്ട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നു. ഈ മാസം അവസാനത്തില്‍ വെനിസ്വല, മൊറോക്കോ എന്നീ രാജ്യങ്ങളോടാണ് അര്‍ജന്റീന സൗഹൃദ മത്സരങ്ങള്‍ കളിക്കുന്നത്. ഇതില്‍ മൊറോക്കോക്കെതിരെ മെസി ഇറങ്ങണണമെങ്കില്‍ വിചിത്ര നിയമങ്ങളാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഒരുക്കിയിരിക്കുന്നത്.

മത്സരത്തിനു ശേഷം മെസിയുടെ ചിത്രങ്ങള്‍ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തരുത്, മെസിക്കൊപ്പം മൊറോക്കന്‍ താരങ്ങള്‍ സെല്‍ഫിയെടുക്കരുത്, മത്സരത്തിനു ശേഷം മെസിയുടെ ഇന്റര്‍വ്യൂ എടുക്കരുത് തുടങ്ങിയ വ്യവസ്ഥകളാണ് അര്‍ജന്റീനയുടെ ഉടമ്പടിയിലുള്ളത്. മത്സരത്തില്‍ മെസിയെ ഫൗള്‍ ചെയ്യരുതെന്ന ഏറ്റവും വിചിത്ര വ്യവസ്ഥയാണ് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുന്നത്.

മെസിയുടെ കാലില്‍ നിന്ന് പന്തെടുക്കാന്‍ കടുത്ത ടാക്കിളുകളോ മറ്റോ ഉപയോഗിക്കാന്‍ പാടില്ല. മൃദുവായ രീതിയിലുള്ള ടാക്കിളുകള്‍ ഉപയോഗിക്കാം. മൊറോക്കന്‍ ചാനലായ അല്‍ അഖ്ബര്‍ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് അര്‍ജന്റീനയുടെ വിചിത്ര ഉടമ്പടിയെ കുറിച്ച് പുറംലോകം അറിഞ്ഞത്. കടുത്ത ടാക്കിളുകള്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം മൊറോക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന് എഎഫ്എ നല്‍കിയിട്ടുണ്ട്.

Read more

കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ലോകകപ്പില്‍ ഫ്രാന്‍സിനോടു തോറ്റു പുറത്തായതിനു ശേഷം അര്‍ജന്റീനക്കു വേണ്ടി ഒരിക്കല്‍ പോലും മെസി കളത്തിലിറങ്ങിയിട്ടില്ല. താരം ദേശീയ ടീം ജേഴ്‌സിയില്‍ തിരിച്ചെത്തുന്നതും കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസമായാണ് ഈ മാസം നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമില്‍ മെസി ഇടം പിടിച്ചത്.