പിഎസ്ജിയില്‍ മെസിയുടെ കഷ്ടകാലം തുടരുന്നു; നാളെ കളത്തിലിറങ്ങില്ല

ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ കുപ്പായത്തില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വിശ്വരൂപം കാണാന്‍ ആരാധകര്‍ ഇനിയും കാത്തിരിക്കണം. മെറ്റ്‌സിനെതിരെ നാളെ നടക്കുന്ന ലീഗ് വണ്‍ മത്സരത്തില്‍ മെസി കളിക്കില്ല.

കാല്‍മുട്ടിന് പരിക്കേറ്റതാണ് മെസിക്ക് തിരിച്ചടിയായത്. എംആര്‍ഐ സ്‌കാനില്‍ മെസിയുടെ കാലിന് പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയെന്നാണ് വിവരം. വരും മണിക്കൂറുകളില്‍ മെസിയുടെ പരിക്ക് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരും.

ഞായാറാഴ്ച ലയോണിനെതിരെ നടന്ന പിഎസ്ജിയുടെ ഹോം മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മെസിയെ പിന്‍വലിച്ചിരുന്നു. സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിലെ നീരസം മെസി കോച്ച് മൗറീസിയോ പൊച്ചേറ്റിനോയോട് പ്രകടിപ്പിക്കുകയുണ്ടായി. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്ന് വന്‍ തുകയ്ക്ക് പിഎസ്ജിയിലെത്തിയ മെസിക്ക് ഇതുവരെ പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.