മെസിയുടെ ശരിക്കുള്ള'ദൗത്യം' തുടങ്ങുന്നു; ചരിത്രം തിരുത്തുമോ പിഎസ്ജി ?

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്ന് ഫ്രാന്‍സിലെ പിഎസ്ജിയിലേക്ക് ചേക്കറിയ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ശരിക്കുള്ള ദൗത്യത്തിന് ഇന്നു തുടക്കം. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എയിലെ മുഖാമുഖത്തില്‍ ഇന്ന് രാത്രി ബല്‍ജിയം ടീം ക്ലബ്ബ് ബ്രുഗെയെ നേരിടുന്ന പിഎസ്ജിയുടെ പ്രതീക്ഷ മുഴുവന്‍ മെസിയുടെ ബൂട്ടിലാണ്.

മോഹ വിലയെറിഞ്ഞ് മെസിയെ പിഎസ്ജി പാളയത്തില്‍ എത്തിച്ചത് ഫ്രഞ്ച് ലീഗ് കിരീടം ജയിക്കുകയെന്ന ലക്ഷ്യത്തോടെയല്ലെന്ന് പറയാം. 2012-13 സീസണ്‍ മുതലിങ്ങോട്ട് ഏഴ് തവണയാണ് പിഎസ്ജി ലീഗ് കിരീടം സ്വന്തമാക്കിയത്. അതിനാല്‍ത്തന്നെ ലീഗ് വിജയത്തിന്റെ മധുരമൊന്നും പിഎസ്ജിക്ക് പുത്തരിയല്ല. യൂറോപ്പിലെ വമ്പന്‍ ക്ലബ്ബെന്ന പെരുമയുണ്ടെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ ഒരു തവണ പോലും ജേതാക്കളാകാന്‍ പിഎസ്ജിക്ക് സാധിച്ചിട്ടില്ല. 2019-20 സീസണില്‍ ഫൈനലില്‍ എത്തിയതാണ് ഫ്രഞ്ച് ചാമ്പ്യന്‍മാരുടെ ഏറ്റവും വലിയ നേട്ടം. അക്കുറി ജര്‍മ്മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിച്ചിനോട് പിഎസ്ജിക്ക് അടിതെറ്റുകയും ചെയ്തു.

ചാമ്പ്യന്‍സ് ലീഗ് വിജയ സ്വപ്‌നം സാക്ഷാത്കരിക്കുക ഉന്നമിട്ടാണ് മെസിയെ പിഎസ്ജി ഒപ്പംകൂട്ടിയത്. ലീഗ് വണ്‍ സീസണില്‍ അഞ്ച് മത്സരങ്ങള്‍ പിഎസ്ജി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അതില്‍ ഒരു മത്സരത്തില്‍ മാത്രമേ മെസിയെ കളിപ്പിച്ചിരുന്നുള്ളു. ലീഗ് മത്സരങ്ങളില്‍ അധികമായി കളിച്ച് മെസിക്ക് പരിക്കു പറ്റാതിരിക്കാനും സൂക്ഷിക്കേണ്ടതിനാല്‍ ഏറെക്കുറെ സമാന നയമാകും ചാമ്പ്യന്‍സ് ലീഗ് കഴിയുന്നതുവരെ പിഎസ്ജി തുടരുക.എന്തിനുവേണ്ടിയാണ് മെസിയെ ടീമിലെടുത്തതെന്ന് താരത്തോട് പറയാതെ പറയാനും പിഎസ്ജി അതിലൂടെ ഉദ്ദേശിക്കുന്നു. മെസിയുടെ സേവനം ഇല്ലെങ്കിലും ഫ്രഞ്ച് ലീഗ് തങ്ങള്‍ക്ക് ജയിക്കാനാകുമെന്ന് പിഎസ്ജി സൂചിപ്പിച്ചുകഴിഞ്ഞു. ചാമ്പ്യന്‍സ് ലീഗ് ട്രോഫി ഷെല്‍ഫിലെത്തിക്കുകയാണ് മെസിയുടെ ജോലിയെന്നും ഇതിലൂടെ ക്ലബ്ബ് അടവരയിടുന്നു.

 

ചാമ്പ്യന്‍സ് ലീഗിലെ മെസിയുടെ റെക്കോഡുകള്‍ പിഎസ്ജിയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതാണ്. 120 ഗോളുകളുമായി ടൂര്‍ണമെന്റിലെ എക്കാലത്തെയും സ്‌കോറര്‍മാരില്‍ രണ്ടാം സ്ഥാനത്താണ് മെസി. ബാഴ്‌സലോണയ്‌ക്കൊപ്പം നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ഉയര്‍ത്തിയ മെസി, പിഎസ്ജിയെയും അതുല്യ നേട്ടത്തിലെത്തിക്കുമെന്ന് ആരാധകര്‍ വിശ്വസിക്കുന്നതും അതുകൊണ്ടുതന്നെ.