എംബാപ്പെ.. സഹോദരാ.., ഇത് ഫുട്‌ബോള്‍ കളിയാണ്, അല്ലാതെ നൂറു മീറ്റര്‍ സ്പ്രിന്റ് അല്ല..

റിജോ ജോര്‍ജ്

എംബാപ്പേ ആണല്ലോ താരം. എക്കാലത്തേയും അതുല്യ പ്രതിഭ എന്നൊക്കെയാണ് പൊക്കിയടികള്‍. മൂട്ടില്‍ റോക്കറ്റ് ഘടിപ്പിച്ച ഒരു അത്ലെറ്റ് എന്നതിലുപരി മറ്റൊന്നുമല്ല സത്യത്തില്‍ ആശാന്‍. ചെറുപ്പത്തിന്റെ തിളപ്പും, കരുത്തും, സ്പീഡും കൊണ്ട് എതിര്‍ പോസ്റ്റിലേക്ക് നൂറേലങ് വെച്ചു പിടിക്കുന്ന ഒന്നാംതരം ഓട്ടക്കാരന്‍.

ഇയാളുടെ ഈ വരവ് കണ്ട് ‘യെവന്‍ വന്ന് നെഞ്ചത്ത് കേറിയാലോ’യെന്ന് പേടിച്ചുപോകുന്ന ഓപ്പോസിറ്റ് ടീമിന്റെ ഗോള്‍കീപ്പര്‍, അയ്യോ അമ്മച്ചിയേ എന്നലറിക്കൊണ്ട് നൊടിനേരത്തേക്ക് ഒന്നൊഴിഞ്ഞു മാറും. അത് മുതലെടുത്ത്, ഈ വന്ന വരവില്‍ത്തന്നെ ഇയാളും , ബോളും കൂടി ഒരുമിച്ച് ചെന്ന് വലയില്‍ കേറും.
ഗോള്‍!

ഇതാണ് സത്യത്തില്‍ സംഭവിക്കുന്നത്. നല്ല പ്രായത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ ഏതേലും ഫുട്‌ബോള്‍ ടീമില്‍ എടുത്തിരുന്നെങ്കില്‍ ഇതിലും വേഗത്തിലോടി പുള്ളി അടിച്ചേനെ ഇതിലും കൂടുതല്‍ ഗോളുകള്‍. എംബാപ്പ സഹോദരാ, ഇത് ഫുട്‌ബോള്‍ കളിയാണ്. അല്ലാതെ ഇത് നൂറു മീറ്റര്‍ സ്പ്രിന്റ് അല്ല, ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഒന്നാമതാകാന്‍ വേണ്ടി ഇങ്ങനെ കിടന്നോടാന്‍. ഇയാളേപ്പോലെ ഓടുന്നവര്‍ മാത്രമിനി ഫുട്‌ബോളില്‍ മതിയെന്ന് എല്ലാ ടീമും വിചാരിച്ചാല്‍ എന്തായിരിക്കും അവസ്ഥ? ഫുട്‌ബോളെന്ന പേര് മാറ്റി, ഇതിനെ അത്‌ലറ്റിക്‌സെന്ന് വിളിക്കേണ്ടി വരില്ലേ?

യാതൊരുവിധ ഫുട്‌ബോള്‍ സ്‌കില്ലുകളും സത്യത്തില്‍ ഇയാള്‍ക്കില്ല. ശിശുദിനത്തിനു നടത്തുന്ന ഓട്ടമത്സരത്തില്‍ ഒന്നാമതാവാന്‍, നാലാം ക്ലാസിലെ പിള്ളേര്‍ ആഞ്ഞോടുന്നത് പോലെചുമ്മാ ഓടുന്നതല്ലാതെ! ബാംഗ്ലൂരില്‍ DTDC കൊറിയര്‍ സര്‍വീസുകാര്‍ ഇങ്ങനെ കിടന്നോടുന്നത് പലവട്ടം കണ്ടിട്ടുണ്ട്. ഈ പോക്കാണെങ്കില്‍ അടുത്ത ലോകകപ്പിന് ആശാന്‍ ഫ്രഞ്ച് ടീമില്‍ പോലും ഉണ്ടാവില്ല. ഇടുപ്പെല്ലിന് കാര്യമായ തേയ്മാനം സംഭവിക്കാന്‍ ചാന്‍സുണ്ട്. തന്നെയുമല്ല പ്രായം കൂടുന്തോറും ഓട്ടത്തിന്റ വേഗതയും കുറയും. ഉയരം കൂടുന്തോറും ചായയ്ക്ക് സ്വാദ് കുറയുന്നത് പോലെ. അപ്പോഴാണ് ഒരു യഥാര്‍ത്ഥ പ്രതിഭയ്ക്ക് സ്‌കില്‍സെറ്റ് വേണ്ടത്. അത് ഇയാളുടെ ഏഴയലത്തൂടെ പോയിട്ടില്ല. വേഗത കൊണ്ട് മാത്രം പിടിച്ചു നില്‍ക്കുന്ന ഇദ്ദേഹം മിക്കവാറും അടുത്ത ലോകകപ്പിന് മുന്‍പേ തന്നെ ഫീല്‍ഡ് ഔട്ട് ആകും.

ഈ ചങ്ങായിയുടെ ഈ അന്തവും കുന്തവുമില്ലാത്ത ഈ ഓട്ടം കാരണം, ഗ്രൗണ്ടില്‍ നിന്നും ഡിജിറ്റല്‍ പരസ്യ ബോര്‍ഡുകളെല്ലാം ഫിഫ എടുത്ത് മാറ്റിയെന്നാണ് കേട്ടത്. പകരം, കോണ്‍ക്രീറ്റ് സ്ലാബാണത്രേ വെച്ചിരിക്കുന്നത്. ബൈചാന്‍സില്‍ പുള്ളിയ്ക്ക് ബ്രേക്കെങ്ങാനും സമയത്ത് കിട്ടിയില്ലെങ്കില്‍ അല്‍ബയ്ത് സ്റ്റേഡിയത്തിലെ കണ്ടെയ്‌നറിലോട്ട് ചെന്ന് ഇടിച്ചു കേറത്തില്യോ?! അനിയാ, ഒന്ന് സമാധാനപ്പെട്ടൊക്കെ കളിക്ക്. ബാക്കിയുള്ളവര്‍ വേള്‍ഡ് കപ് കളിക്കാന്‍ വന്നേക്കുന്നത് താങ്കള്‍ ഇടിച്ചു കേറി പരിക്ക് പറ്റാനല്ല. അവര്‍ക്ക് ഫിഫയുടെ ആരോഗ്യ ഇന്‍ഷുറന്‍സും ഇല്ല.

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്