വമ്പന്‍ പോരില്‍ ചെല്‍സിയെ വീഴ്ത്തി സിറ്റി ; പോയിന്റ് ടേബിളില്‍ ബഹുദൂരം മുന്നില്‍

ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് ഫുട്‌ബോളിലെ വമ്പന്‍ പോരാട്ടങ്ങളില്‍ ഒന്നില്‍ മാഞ്ചസ്റ്റര്‍സിറ്റി ഏകപക്ഷീയമായ ഒരു ഗോളിന് ചെല്‍സിയെ വീഴ്ത്തി. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ കെവിന്‍ ഡിബ്രൂയന്റെ നിര്‍ണ്ണായക ഗോളായിരുന്നു ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

പോയിന്റു പട്ടികയില്‍ മുന്നിലുള്ള ടീമുകള്‍ തമ്മിലുള്ള മത്സരം ഏറെ നിര്‍ണ്ണായകമായിരുന്നു. ഈ വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ചെല്‍സിയുമായുള്ള സിറ്റിയുടെ പോയിന്റ് വ്യത്യാസം 13 പോയിന്റായി. കളിയുടെ എഴുപതാം മിനിറ്റില്‍ കാന്‍സലോ നല്‍കിയ ഒരു പന്ത് ഡിബ്രൂയന്‍ ചെല്‍സി കീപ്പര്‍ കെപ്പ അരിസാബെലാഗയുടെ ഇടതു വശത്തുകൂടി വലയില്‍ എത്തിക്കുകയായിരുന്നു.

Read more

ഇതോടെ മൂന്നാം സ്ഥാനക്കാരായ ലിവര്‍പൂളുമായുള്ള സിറ്റിയുടെ പോയിന്റ് വ്യത്യാസം 14 ആയി. ചെല്‍സിയ്ക്കായി റോമേലു ലൂക്കാക്കു സെക്കന്‍ഹാഫില്‍ ഗോള്‍ നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും എഡേഴ്‌സണ്‍ രക്ഷപ്പെടുത്തി. പൊസഷനും വേഗതയൂം കൊണ്ട് പലതവണ സിറ്റി ചെല്‍സിയെ ശ്വാസം മുട്ടിച്ചെങ്കിലും കീപ്പര്‍ കെപ്പയുടെ സേവുകള്‍ തുണയായി.