'ഗോള്‍ അടിക്കണ്ട മെസ്യേ.. നാട്ടില്‍ ചെക്കന്‍മാര് സൊയ് രം തരൂല' പെനാല്‍റ്റിയ്ക്കിടെ മുഴങ്ങിയ മലയാളം

സൂപ്പര്‍ ക്ലാസിക്കോയില്‍ ബ്രസീലിനെ അര്‍ജന്റീന തകര്‍ത്തത് മെസി നേടിയ ഏക ഗോളിന്റെ പിന്‍ബലത്തിലാണ്. എട്ടാം മിനിറ്റില്‍ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനല്‍റ്റി ഗബ്രിയേല്‍ ജിസ്യൂസ് പുറത്തേക്ക് അടിച്ചു കളഞ്ഞ് പാഴാക്കിയപ്പോള്‍ 11-ാം മിനിറ്റില്‍ അര്‍ജന്റീനക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി ലിയോണല്‍ മെസ്സി രണ്ടാം ശ്രമത്തില്‍ ഗോള്‍വലയ്ക്ക് അകത്തു കയറ്റി.

മെസ്സിയുടെ കിക്ക് ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസണ്‍ അനായാസം തട്ടിയകറ്റിയെങ്കിലും പന്ത് നേരെ വന്നത് മെസ്സിയുടെ നേര്‍ക്ക് തന്നെയായിരുന്നു. രണ്ടാം ശ്രമത്തില്‍ അലിസണെ കീഴടക്കി മെസ്സി ഗോളടിച്ചതോടെ അര്‍ജന്റീനയ്ക്ക് ആശ്വാസമായി.

അര്‍ജന്റീന-ബ്രസീല്‍ കളി കാണാന്‍ റിയാദില്‍ നിരവധി മലയാളി ആരാധകരും എത്തിയിരുന്നു. മെസിയടക്കമുളള താരങ്ങള്‍ ഗ്രൗണ്ടില്‍ മുന്നേറുമ്പോള്‍ ഗ്യാലറിയില്‍ മലയാളി ആരാധകര്‍ ആവേശതിരമാലകള്‍ തീര്‍ത്തു. ആവേശം ഏറ്റവും മൂര്‍ധന്യത്തിലെത്തിയത് മെസി പെനാല്‍റ്റി ഗോള്‍ നേടിയതോടെയാണ്. മെസി പെനാല്‍റ്റി എടുത്തുപ്പോള്‍ ഗ്യാലറിയില്‍ മെസി ഗോളടിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ഒരു മലയാളി ആരാധകന്‍ എടുത്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

“മെസ്യേ അടിക്കണ്ട മെസ്യേ…. നാട്ടിലെ ചെക്കന്മാര് സൊയ്രം തരൂല മെസ്യേ….” എന്നാണ് ആരാധകന്‍ ആര്‍ത്തുവിളിച്ചത്. ആ രസകരമായ കാഴ്ച്ച കാണാം