'ക്ലബ് മാനേജ്‌മെന്റും ബര്‍ത്തോമ്യുവും ഒരു ദുരന്തം'; അതൃപ്തി കടിച്ചമര്‍ത്തി മെസി ബാഴ്‌സയില്‍ തന്നെ

അനിശ്ചിതത്വത്തിനും അഭ്യൂഹത്തിനും വിരാമമിട്ട് ഒടുവില്‍ ആ വാര്‍ത്ത എത്തി. സൂപ്പര്‍താരം ലെയണല്‍ മെസി സ്പാനിഷ് ക്ലബായ ബാഴ്സലോണയില്‍ തുടരും. ഒരു വര്‍ഷത്തേക്ക് കൂടിയാണ് കരാര്‍ തുടരുക. സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ ഗോള്‍ ഡോട്ട് കോം പുറത്തു വിട്ട അഭിമുഖത്തിലാണു മെസി ഇക്കാര്യം പറഞ്ഞത്.

വളരെ വൈകാരികമായിരുന്നു മെസിയുടെ തുറന്നു പറച്ചില്‍. “ഞാനിവിടെ സന്തോഷവാനായിരുന്നില്ല. എനിക്ക് ഇവിടെ നിന്ന് പോകണമായിരുന്നു. ഭാര്യയോടും മക്കളോടും ഞാന്‍ ക്ലബ് വിടുകയാണെന്ന് പറഞ്ഞപ്പോള്‍ അതൊരു വല്ലാത്ത അവസ്ഥയായിരുന്നു. എന്റെ കുടുംബം മുഴുവന്‍ കരയാന്‍ തുടങ്ങി. മക്കള്‍ ബാഴ്‌സലോണ വിടാനോ സ്‌കൂള്‍ മാറാനോ തയ്യാറായിരുന്നില്ല. പക്ഷേ, എനിക്ക് ക്ലബ് വിടണമെന്ന് തന്നെയായിരുന്നു. പക്ഷേ, ക്ലബുമായി ഒരു നിയമയുദ്ധത്തിന് എനിക്ക് താത്പര്യമില്ല.”

messi-interview

“ക്ലബ് മാനേജ്‌മെന്റും പ്രസിഡന്റ് ബര്‍ത്തോമ്യുവും ഒരു ദുരന്തമാണ്. എനിക്ക് ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ക്ലബ് വിടണമെങ്കില്‍ 700 മില്ല്യണ്‍ യൂറോ നല്‍കണമെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. സീസണ്‍ അവസാനം വരെ നിന്നിട്ട് പോകാന്‍ പ്രസിഡന്റ് പറയുന്നു. ഞാന്‍ ജൂണ്‍ 10-നു മുമ്പ് ഇക്കാര്യം പറഞ്ഞില്ലെന്നാണ് മാനേജ്‌മെന്റിന്റെ വാദം. പക്ഷേ, കോവിഡ് പശ്ചാത്തലത്തില്‍ ജൂണ്‍ 10-ന് ഞങ്ങള്‍ ലാ ലിഗ കളിക്കുകയായിരുന്നു” മെസി പറഞ്ഞു.

Only human: Beware, Barcelona and fans – Lionel Messi

Read more

ബാഴ്‌സലോണയുമായുള്ള മെസിയുടെ കരാര്‍ 2021 വരെ നിലനില്‍ക്കുന്നതാണെന്നും ഇതിനിടെ ക്ലബ്ബ് വിടാന്‍ താരം തീരുമാനിച്ചാല്‍ കരാര്‍ അനുസരിച്ചുള്ള 700 ദശലക്ഷം യൂറോയുടെ (ഏകദേശം 6150 കോടിയോളം രൂപ) റിലീസ് വ്യവസ്ഥ പാലിക്കണമെന്നും ക്ലബ്ബ് നിലപാട് സ്വീകരിച്ചിരുന്നു. മെസിയുടെ ഏജന്റ് കൂടിയായ പിതാവ് ജോര്‍ജി ബാര്‍സിലോന ക്ലബ് പ്രസിഡന്റ് ജോസപ് മരിയ ബര്‍ത്തോമ്യുവുമായി നടത്തിയ ചര്‍ച്ചയിലാണ് ഒരു വര്‍ഷം കൂടി ടീമില്‍ തുടരാന്‍ തീരുമാനമായത്.