ലിയോണേല്‍ മെസ്സിയ്ക്ക് ഇങ്ങിനെയും ഒരു റെക്കോഡ് ; യുവേഫാ ചാമ്പ്യന്‍സ് ലീഗില്‍ തിയറി ഒന്റിയ്‌ക്കൊപ്പം

യുവേഫാ ചാംപ്യന്‍സ് ലീഗില്‍ പുതിയ റെക്കോഡുമായി മെസ്സി. ഇന്നലെ നടന്ന റയല്‍മാഡ്രിഡിനെതിരേയുള്ള പ്രീക്വാര്‍ട്ടറിലെ ആദ്യപാദ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയാണ് മെസ്സി റെക്കോഡ് നേട്ടം കൈവരിച്ചത്. ഈ വിഭാഗത്തില്‍ ഫ്രഞ്ച് താരം തീയറി ഒന്റിയ്ക്ക് ഒ്പ്പമായി മെസ്സി. ഇരുവരും ഇതുവരെ നഷ്ടപ്പെടുത്തിയത അഞ്ചു കിക്കുകള്‍ വീതമാണ്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ താരങ്ങളുടെ പട്ടികയിലാണ് തീയറി ഒന്റിയും മെസ്സിയും ഒരുപോലെ ആയത്. ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ 23 പെനാല്‍റ്റി കിക്കാണ് മെസ്സിയെടുത്തിട്ടുള്ളത്. ഇതില്‍ അഞ്ചെണ്ണം പാഴാക്കി. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ പെനാല്‍റ്റിയെടുത്ത താരവും മെസ്സിയാണ്.

കളിയില്‍ 61-ാം മിനിറ്റില്‍ റയല്‍ താരം ഡാനി കാര്‍വാജല്‍ എംബാപ്പെയെ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. എന്നാല്‍ മെസിയെടുത്ത കിക്ക് ഇടത്തേക്ക് ചാടി റയല്‍ കീപ്പര്‍ തിബോ കോര്‍ട്ടോസ് രക്ഷപ്പെടുത്തുകയായിരുന്നു. മെസ്സിയുടെ പെനാല്‍റ്റി കിക്കുകളെ കുറിച്ച് താന്‍ നന്നായി പഠിച്ചിട്ടുണ്ടെന്ന് മത്സര ശേഷം കോര്‍ട്ടോസ് പറഞ്ഞു.