ജെയിംസിന്റെ ഭാവി ഇന്നറിയാം: ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റിനെതിരേ

Gambinos Ad

തുടര്‍ തോല്‍വികളും സമനിലകളുമായി പോയിന്റ് പട്ടികയിലും ഗ്രൗണ്ടിലും നട്ടംതിരിയുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ. ഈ സീസണില്‍ ഇതുവരെ ഒരു ജയം മാത്രം അക്കൗണ്ടിലുള്ള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് കൂടി തോല്‍വി വഴങ്ങിയാല്‍ മാനേജ്‌മെന്റ് തലത്തില്‍ അഴിച്ചുപണി നടന്നേക്കുമെന്നാണ് സൂചനകള്‍.

Gambinos Ad

ഇന്ന് രാത്രി 7.30-ന് ഗുവാഹാട്ടിയിലാണ് മത്സരം. ഏഴു കളിയില്‍ ഒരു ജയവും നാലു സമനിലയും രണ്ടു തോല്‍വിയുമായി കേവലം ഏഴു പോയന്‍ാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. 11 പോയന്റുമായി നോര്‍ത്ത് ഈസ്റ്റ് അഞ്ചാമതും കേരളം ഏഴാം സ്ഥാനത്തുമാണ്.

സ്വന്തം സ്റ്റേഡിയത്തില്‍ പോലും മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്ത ബ്ലാസ്റ്റേഴ്‌സില്‍ പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ പരീക്ഷണങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കൃത്യമായ ഫോര്‍മേഷനില്‍ ഇതുവരെ ടീമിനെ ഇറക്കാനും മുന്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ക്ക് സാധിച്ചിട്ടില്ല.

അതേസമയം, ഫോമിലുള്ള താരങ്ങളെ പുറത്തിരുത്തിയും ഫോമില്ലാത്ത താരങ്ങളെ കളത്തിലിറക്കിയും ജെയിംസ് ആരാധകരെ ‘അമ്പരപ്പിച്ചു’. ആദ്യ ജയത്തിന് ശേഷം ഇതുവരെ ഒരു ജയം പോലും നേടാന്‍ സാധിക്കാത്തത് ടീമിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. അവസാനം കളിച്ച രണ്ടും മത്സരങ്ങളും ടീം തോല്‍ക്കുകയും ചെയ്തു. ജയിക്കാവുന്ന രണ്ടു മത്സരങ്ങളില്‍ സമനില വഴങ്ങേണ്ടിവന്നതും ടീമിന് തിരിച്ചടിയാണ്.

ഗോവ, ബെംഗളൂരു ടീമുകള്‍ക്കെതിരേ പ്രതിരോധത്തിലെ വിള്ളലുകളും ജയിംസിന്റെ മികവില്ലായ്മയായാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗോളടിക്കാന്‍ കഴിയാത്ത മുന്നേറ്റവും കളിമനെയാന്‍ സാധിക്കാത്ത മധ്യനിരയും ഒത്തിണക്കമില്ലാത്ത കളിക്കാരുമെല്ലാം ജെയിംസിന്റെ കഴിവുകേടാണെന്നും ഇവര്‍ ആരോപിക്കുന്നു.

ഓരോ കളിയിലും ഓരോ രീതി പരീക്ഷിക്കുന്ന പരിശീലകന്‍ മധ്യനിരയില്‍ നിരന്തരം മാറ്റങ്ങള്‍ വരുത്തുന്നു. ഏഴ് കളിയില്‍ ഒമ്പത് ഗോള്‍ മാത്രം അടിച്ചപ്പോള്‍ പത്തു ഗോളുകള്‍ വഴങ്ങി. നോര്‍ത്ത് ഈസ്റ്റിനെതിരെ ജയിക്കാനായില്ലെങ്കില്‍ പരിശീലകന്‍ തെറിച്ചേക്കും. സീസണില്‍ സ്വന്തം തട്ടകത്തില്‍ ഒരു കളിയും ജയിക്കാത്തതിന്റെ നിരാശ മാറ്റാനാകും നോര്‍ത്ത് ഈസ്റ്റിന്റെ ശ്രമം. മുന്നേറ്റത്തില്‍ നൈജീരിയക്കാരന്‍ ബാര്‍തോലൊമേവ് ഒഗ്ബിച്ചിയിലാണ് പ്രതീക്ഷ. ആറു കളിയില്‍നിന്ന് ആറു ഗോള്‍ താരം നേടിക്കഴിഞ്ഞു. മലയാളി ഗോള്‍ കീപ്പര്‍ ടി.പി. രഹ്നേഷ് നോര്‍ത്ത് ഈസ്റ്റിന്റെ വലകാക്കും.