കൊച്ചി വിട്ട് ബ്ലാസ്‌റ്റേഴ്‌സ് മലബാറിലേക്ക്, നിര്‍ണായക നീക്കങ്ങള്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സ് മലബാറിലേക്ക് കൂടു മാറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കൊച്ചി ജിസിഡിഎയുമായും കോര്‍പറേഷനുമായുമുളള പ്രശ്‌നങ്ങളാണ് ബ്ലാസ്റ്റേഴ്‌സിനെ കടുത്ത നടപടിയ്ക്ക് പ്രേരിപ്പിക്കുന്നത്.

കൊച്ചി ജവഹര്‍ലാല്‍ സ്റ്റേഡിയം ഉപേക്ഷിക്കേണ്ടി വന്നാല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെയ്ക്കുന്നത്. കേരളം വിട്ടു പോകാന്‍ താത്പര്യമില്ലെന്ന് ക്ലബ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതെസമയം പ്രശ്‌നത്തില്‍ കായിമ മന്ത്രി ഇ. പി ജയരാജന്‍ ഇടപെട്ടിട്ടുണ്ട്. പ്രശ്‌നപരിഹാരം സാദ്ധ്യമായില്ലെങ്കില്‍ കൊച്ചി വിടാനാകും ബ്ലാസ്റ്റേഴ്‌സ് തീരുമാനിക്കുക. കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്ര, എ പ്രദീപ് കുമാര്‍ എംഎല്‍എ എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനെ കോഴിക്കോട്ടെത്തിക്കുവാന്‍ ശ്രമിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സ് സിഇഒ വിരേന്‍ ഡിസില്‍വയുമായും മന്ത്രിയുമായും ഇവര്‍ ചര്‍ച്ച നടത്തി കഴിഞ്ഞു.

കോഴിക്കോട്ടെ ഇ.എം.എസ് സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ച് ബ്ലാസ്റ്റേഴ്സിന്റെ സാറ്റലൈറ്റ് സ്റ്റേഡിയമാക്കാനും ആലോചനയുണ്ട്. സ്റ്റേഡിയത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ബ്ലാസ്റ്റേഴ്സ് പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ക്ലബിന്റെ കായിക പദ്ധതികള്‍ കേരളത്തിലുടനീളം വ്യാപിപ്പിക്കുന്നതിന്റെ കൂടി ഭാഗമായാണ് ബ്ലാസ്റ്റേഴ്സ് മലബാറില്‍ കൂടി കണ്ണുവെയ്ക്കുന്നത്.

ഇപ്പോള്‍തന്നെ കൊച്ചിയിലെ സ്റ്റേഡിയത്തില്‍ കളി കാണാന്‍ എത്തുന്നവരില്‍ പകുതിയോളം പേര്‍ മലബാറില്‍ നിന്നാണ്. വരുന്ന സീസണുകളില്‍ ചില കളികളെങ്കിലും കോഴിക്കോട്ടെ സ്റ്റേഡിയത്തില്‍ കളിക്കാന്‍ ബ്ലാസ്റ്റേഴ്സ് പദ്ധതിയിടുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.