ബ്ലാസ്റ്റേഴ്‌സിലേക്ക് വികൂനയുടെ ആദ്യതാരമെത്തി, സര്‍പ്രൈസ് താരം മഞ്ഞപ്പടയില്‍

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ചുമതലയേറ്റ ശേഷം കിബു വികൂനയ്ക്ക് കീഴിലുളള ആദ്യ സൈനിംഗ് നടന്നു. 17 വയസ്സുകാരനായ യുവ അറ്റാക്കിംഗ് മിഡ് ഫീല്‍ഡര്‍ ഗിവ്‌സന്‍ സിംഗ് ആണ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെട്ട ഗിവ്‌സണ്‍ ഇന്ത്യന്‍ ആരോസിലൂടെ കളിച്ച് തെളിഞ്ഞ താരമാണ്.

കഴിഞ്ഞ ഐലീഗില്‍ ഇന്ത്യന്‍ ആരോസിനായി 18 മത്സരങ്ങള്‍ കളിച്ച ഗിവ്‌സണ്‍ രണ്ട് ഗോളും നേടിയിരുന്നു. ഇന്ത്യ അണ്ടര്‍ 17, അണ്ടര്‍ 20 ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.

മിവര്‍വ്വ പഞ്ചാബിനായി (ഇപ്പോള്‍ പഞ്ചാബ് എഫ്‌സ്) നടത്തിയ പ്രകടനങ്ങളാണ് ഗിവ്‌സണെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്. അവിടെ നിന്നാണ് ഇന്ത്യ അണ്ടര്‍ 17 കോച്ച് നിക്കോലായ് ആദമിന്റെ ശ്രദ്ധ ഗിവ്‌സണില്‍ പതിയുന്നത്. ഇതോടെ ഓള്‍ ഇന്ത്യ ഫുട്‌ബോല്‍ ഫെഡറേഷന്‍ താരത്തെ ഏറ്റെടുക്കുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സില്‍ ഇതിനോടകം തന്നെ മികച്ച നിരവധി ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍മാരുണ്ട്. സഹല്‍, ജാക്‌സണ്‍, രോഹിത് കുമാര്‍, ലാല്‍തഹംഗ തുടങ്ങിയ താരങ്ങളെ മറികടന്ന് വേണം ഗിവ്‌സണ് ബ്ലാസ്‌റ്റേഴ്‌സ് പ്ലേയിംഗ് ഇലവനില്‍ ഇടംപിടിയ്ക്കാന്‍. യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനുളള പദ്ധതിയുടെ ഭാഗമായാണ് കിബു വികൂന ഗിവ്‌സനെ ബ്ലാസ്റ്റേഴ്‌സില്‍ എത്തിച്ചിരിക്കുന്നത്.