ദുരന്തമായി പ്രീ സീസണ്‍, ഒരാഴ്ച കൊണ്ട് ബ്ലാസ്റ്റേഴ്‌സ് മടങ്ങുന്നു

ഐഎസ്എല്ലിന്റെ പുതിയ സീസണില്‍ തകര്‍പ്പന്‍ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ട് യുഎഇയിലേക്ക് പറന്ന കേരള ബ്ലാസ്റ്റേഴ്‌സ് പെട്ടെന്ന് മടങ്ങുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ യുഎഇയിലെ സ്‌പോണ്‍സര്‍മാര്‍ പരാജയപ്പെട്ടതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രീ സീസണ്‍ ടൂര്‍ ഒരാഴ്ചക്കുളളില്‍ അവസാനിപ്പിക്കുന്നത്.

മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത സ്‌പോണ്‍സര്‍മാര്‍ യുഎഇയിലെത്തിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനെ എല്ലാവിധത്തിലും വഞ്ചിക്കുകയായിരുന്നു.

മെച്ചപ്പെട്ട പരിശീലന സൗകര്യമോ താമസസ്ഥലമോ പോലും ഒരുക്കാതിരുന്ന സ്‌പോണ്‍സര്‍മാരുടെ നിരുത്തരവാദിത്തപരമായ നീക്കങ്ങള്‍ മൂലം ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്‌റ്റേഡിയത്തിലെത്തിയത് പോലും ആരാധകരുടെ കാരുണ്യത്തിലാണ്.

ഇതോടെ പ്രീ-സീസണ്‍ ടൂര്‍ അവസാനിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജുമെന്റ് തീരുമാനിക്കുകയായിരുന്നു. ഒരു മത്സരം മാത്രമാണ് പ്രീ-സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് യുഎഇയില്‍ കളിച്ചത്. ഇനി കേരളത്തിലാകും ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ന്നുളള പരിശീലനം.