സങ്കടം തോന്നുന്നു, ക്ഷമയെ പരീക്ഷിക്കരുത്.. ബ്ലാസ്റ്റേഴ്സിന് മുന്നറിയിപ്പ്

കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം നാട്ടില്‍ സമനിലയില്‍ കുരുങ്ങിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ക്ലബിനെതിരെ രൂക്ഷ വിമര്‍ശനം. ബ്ലാസ്റ്റേഴ്‌സ് പിരിച്ചുവിടണമെന്ന് ഐഎം വിജയനെ പോലുളള ഫുട്‌ബോള്‍ താരങ്ങള്‍ ആവശ്യപ്പെടുന്നത്. നാല് മത്സരം പിന്നിട്ടിട്ടും ബ്ലാസ്റ്റേഴ്‌സ് ഒത്തൊരുമയുടെ ഒരു ലാഞ്ചന പോലും പ്രകടിപ്പിക്കുന്നില്ലെന്നും ഇനിയും ഇങ്ങനെ പോയിട്ട് കാര്യമില്ലെന്നും ഒരു വിഭാഗം ആരാധകരും പറയുന്നു.

ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ മത്സരം വിലയിരുത്തി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ തന്റെ തേഡ് ഐ എന്ന കോളത്തില്‍ എഴുതിയ കുറിച്ച്.

ക്ഷമയെ പരീക്ഷിക്കരുത്..

സങ്കടം തോന്നുന്നു ബ്ലാസ്റ്റേഴ്സിന്റെ കളി കണ്ടിട്ട്…. കളിയാവുമ്പോള്‍ ഒരു പ്ലാനെല്ലാമുണ്ടാവുമല്ലോ-കോച്ചിനും താരങ്ങള്‍ക്കും. പക്ഷേ കഴിഞ്ഞ നാല് മല്‍സരങ്ങള്‍ നോക്കിയാല്‍ മൈതാനത്ത് ഒരു പന്തും മഞ്ഞ വസ്ത്രമിട്ട് പതിനൊന്ന് പേര്‍ അതിന് പിറകെ ഓടുന്നതുമാണ്. ചിലര്‍ പന്ത് നീട്ടിയടിക്കുന്നു. ചിലര്‍ പാസ് ചെയ്യുന്നു-കോച്ച്് ഷട്ടോരിയാവട്ടെ പൊട്ടിത്തെറിക്കുന്നു. ഇതിലപ്പുറമൊന്നും സംഭവിക്കുന്നില്ല. കൊല്‍ക്കത്തക്കെതിരെ ആദ്യ മല്‍സരത്തിലെ ഭാഗ്യജയം നല്‍കിയ പോയന്റിനപ്പുറം സുന്ദരം എന്ന് വിശേഷിപ്പിക്കാന്‍ ആകെയുള്ളത് ഹൈദരാബാദിനെതിരെ സഹല്‍ അബ്ദുള്‍ സമദ് നല്‍കിയ ആ പാസും കെ.പി രാഹുലിന്റെ ആ ഗോളുമാണ്. ഇന്നലെ നെഹ്റു സ്റ്റേഡിയത്തിലെ 24-ാം മിനുട്ടിലെ ബ്ലാസ്റ്റേഴ്സിന്റെ ഫ്രീകിക്ക് കണ്ടപ്പോള്‍ സങ്കടം ഇരട്ടിയായി. രണ്ട് താരങ്ങള്‍ ഫ്രി കിക്ക് പ്ലാന്‍ ചെയ്യുന്നു. ഒന്നാമന്‍ മുന്നോട്ട് ഓടുന്നു, രണ്ടാമന്‍ കിക്കെടുക്കാതെ തലയില്‍ കൈ വെക്കുന്നു-ഇതിനെ പ്രൊഫഷണല്‍ സമീപനമെന്ന് പറയാനാവില്ല. സഹലും പ്രശാന്തും രാഹുലും റാഫിയുമെല്ലാം വ്യക്തിഗതമായി മികച്ച താരങ്ങളാണ്. പക്ഷേ ഏകോപനത്തിന്റെ കാര്യത്തില്‍ വളരെ പിറകില്‍. ആദ്യ മല്‍സരത്തിലെ ഈ പ്രകടനം കണ്ടപ്പോള്‍ രണ്ടാം മല്‍സരത്തില്‍ ശരിയാവുമെന്ന് കരുതി. മൂന്നാം മല്‍സരത്തിലും നാലാ ം മല്‍സരത്തിലും അതേ ഗതി വരുമ്പോള്‍ ബര്‍ത്തലോമിയോ ഓഗ്ബജേയെ കൊണ്ട് മാത്രം എന്തെങ്കിലും ചെയ്യാനാവുമെന്ന് കരുതരുത്. മൂന്ന് മല്‍സരങ്ങളും ബ്ലാസ്റ്റേഴ്സ് കളിച്ചത് സ്വന്തം മൈതാനത്താണ്. നിറഞ്ഞ സ്റ്റേഡിയത്തിലാണ്. സംസ്ഥാനത്തിന്റെ നാനാ ദിക്കില്‍ നിന്നും പണവും സമയവും ചെലവഴിച്ച് ടീമിനെ പിന്തുണക്കാന്‍ വരുന്നവരുടെ ക്ഷമയെ പരീക്ഷിക്കരുത്…