ബ്ലാസ്റ്റേഴ്‌സിനെതിരെ വീണ്ടും ഗുരുത ആരോപണം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ മറ്റൊരു ആരോപണവുമായി പേരു വെളിപ്പെടുത്താത്ത മുന്‍ കോച്ചിംഗ് സ്റ്റാഫ്. ബ്ലാസ്റ്റേഴ്‌സ് താരമായ കിസിറ്റോ കെസിറോണിനെ ഒഴിവാക്കാന്‍ മാനേജുമെന്റ് ഏറെ ശ്രമിച്ചതായാണ് മുന്‍ കോച്ചിംഗ് സ്റ്റാഫിന്റെ ആരോപണം.

താരത്തെ ടീമിലെത്തിക്കാന്‍ മാനേജുമെന്റിന് താല്‍പര്യമില്ലായിരുന്നുവെന്നും തങ്ങളുടെ പിഴവ് മറക്കാന്‍ ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് ഇപ്പോള്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിക്കുന്നു.

“ഇതൊക്കെ വെറും തന്ത്രമാണ്്. ഓഗസ്റ്റില്‍ തന്നെ എല്ലാം ശരിയായിരുന്നിട്ടും നവംബര്‍ വരെ കിസിറ്റോയുമായി കരാറിലൊപ്പിടാന്‍ മാനേജുമെന്റ് തയ്യാറായില്ല. ബ്ലാസ്‌റ്റേഴ്‌സിന് ഉണ്ടായിരുന്ന ഒരു കുറവ് മിഡ്ഫീല്‍ഡറുടേതായിരുന്നു. കിസിറ്റോ ആ വിടവ് അടയ്ക്കാന്‍ കഴിയുന്ന താരമായിരുന്നു. പക്ഷെ കിസിറ്റോയുമായുള്ള കരാര്‍ ഇല്ലാതാക്കാന്‍ മാനേജുമെന്റ് കഴിയുന്നതൊക്കെ ചെയ്യുകയായിരുന്നു.” അദ്ദേഹം ആരോപിക്കുന്നു.

നേരത്തെ മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീനിനെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കിയത് മുതല്‍ രൂക്ഷമായ ആരോപണങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് അഭിമുഖീകരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേഷ് ജിങ്കനെ മുഴുകുടിയന്‍ എന്നാണ് റെനെ പുറത്താക്കിയതിന് ശേഷം വിശേഷിപ്പിച്ചത്. താരങ്ങളുടെ ആത്മാര്‍ത്ഥതയും റെനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ കോച്ചിംഗ് സ്റ്റാഫും ബ്ലാസ്റ്റേഴ്‌സിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.