വീരപരിവേശം ഗോകുലത്തിന്; നിറംമങ്ങിയത് ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എല്‍ നാലാം സീസണിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തില്‍ സമനില പിടിക്കാനായത് കേരളത്തിന്റെ ഐലീഗ് ക്ലബ് ഗോകുലം എഫ്‌സിയ്ക്ക് നേട്ടമായി. കരുത്തരായ വിദേശ താരങ്ങള്‍ താരങ്ങളടക്കം അണിനിരന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ തളച്ചത് അവര്‍ക്ക് വിജയത്തോളം പോന്ന നേട്ടമാണ്.

ഇതോടെ ഐലീഗില്‍ ഇതാദ്യമായി ഇറങ്ങാന്‍ ഒരുങ്ങുന്ന ഗോകുലം എഫ്‌സി തങ്ങള്‍ കരുത്തരാണെന്ന് തെളിക്കാനുളള അവസരം കൂടിയായി മാറി ഈ മാത്സരം.

സ്‌പെയിനില്‍ ഒരു മാസം നീണ്ട പരിശീലനത്തിന് ശേഷമാണ് നാട്ടിലെത്തിയ ബ്ലാസ്റ്റേഴ്‌സ് സമനിലയോടെയാണ് സന്നാഹ മത്സരം തുടങ്ങിയത്. ഗോള്‍ രഹിത സമനിലയിലാണ് ഗോകുലം എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ തളച്ചത്.
ഇയാന്‍ ഹ്യൂം, ദിമിതര്‍ ബെര്‍ബറ്റോവ്, സി.കെ വിനീത്, പെക്യൂസന്‍ അടക്കമുള്ള പ്രമുഖരെല്ലാം സന്നാഹ മത്സരത്തില്‍ കളത്തിലിറങ്ങി. ഗോള്‍ കീപ്പര്‍ റച്ചൂബ്ക മികച്ച ചില സേവുകളുമായി ആരാധകരെ ആദ്യ സന്നാഹ മത്സരത്തില്‍ തന്നെ കയ്യിലെടുത്തു.

പനമ്പള്ളി സ്‌പോട് കൗണ്‍സില്‍ സ്റ്റേഡിയത്തിലായിരുന്നു സന്നാഹ മത്സരം. ഈ മാസം പതിനേഴിന് കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ കൊല്‍ക്കത്തയും കേരള ബ്ലാസ്റ്റേഴ്‌സുമാണ് ഏറ്റുമുട്ടുക. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍ അസി. കോച്ച് റെനി മ്യൂലന്‍സ്റ്റിനാണ് ഇത്തവണ കേരള ബ്ലാസ്റ്റേസിനെ പരിശീലിപ്പിക്കുന്നത്. മത്സരത്തിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുകയാണ്. കൗണ്ടര്‍ ടിക്കറ്റുകള്‍ തിങ്കളാഴ്ചയോടെ ആരംഭിക്കുമെന്നാണ് സൂചന. 39,000 കാണികളെ ഗ്രൗണ്ടില്‍ പ്രവേശിപ്പിക്കും.