കേരള ബ്ലാസ്റ്റേഴ്‌സ് ഡേവിഡ് ജയിംസിന് പറ്റിയ പണിയാണോ? കൊമ്പന്മാരുടെ പിഴവ് ഇഴകീറി പരിശോധിക്കുന്നു

Gambinos Ad
ript>

നിര്‍മ്മല്‍ ഖാന്‍

Gambinos Ad

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ ടീം ഏതെന്ന് ചോദിച്ചാല്‍ പലവിദേശ ടീമുകളുടെയും പേര് നമ്മുടെ മനസ്സിലേക്കെത്തും. എന്നാല്‍ ഔദ്യോഗിക കണക്കനുസരിച്ച് മലയാളികളുടെ സ്വന്തം ടീമായ അല്ലെങ്കില്‍ നമ്മള്‍ നെഞ്ചിലേറ്റിയ കേരള ബ്‌ളാസ്റ്റേഴ്‌സും ഈ പട്ടികയില്‍ ഉള്‍പ്പെടും എന്നതാണ് വാസ്തവം. എന്നാല്‍ ഇത്രയധികം ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സിന് ആരാധകരോട് ഇതുവരെ നീതി പുലര്‍ത്താനായോ? അഞ്ചാം സീസണ്‍ കളിക്കുന്ന കേരള ബ്‌ളാസ്റ്റര്‍സ് രണ്ടു ഫൈനല്‍ കളിച്ചു എന്നത് മറക്കുന്നില്ല. ആ ഫൈനലുകള്‍ കളിക്കാനുള്ള യോഗ്യത ടീമിന് ഉണ്ടായിരുന്നുവോ എന്ന് ഇപ്പോഴും ആരാധകര്‍ സംശയിക്കുന്നു.

ഇതുവരെ ആറു പരിശീലകരെ കേരള ബ്ലാസ്റ്റേഴ്‌സ് പരീക്ഷിച്ചിട്ടുണ്ട്. പരിശീലകരുടെ നിര ഡേവിഡ് ജയിംസില്‍ തുടങ്ങി ജയിംസില്‍തന്നെ എത്തി നില്‍ക്കുന്നു. മാര്‍ക്ക്വീ താരവും കൂടെ പരിശീലക സ്ഥാനവുമായിരുന്നു ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് അധികാരികള്‍ ജെജയിംസിന് നല്‍കിയത്.

രണ്ടാം സീസണില്‍ ജയിംസിന് പകരം ഇംഗ്ലണ്ടില്‍ നിന്നുള്ള പീറ്റര്‍ ടെയ്ലര്‍ എത്തി. നാല് മാസത്തിനുള്ളില്‍ ടെയ്ലറെ പുറത്താക്കി ട്രെവര്‍ മോര്‍ഗനെ ടീമിന്റെ താല്‍ക്കാലിക ചുമതല ഏല്‍പ്പിച്ചു.പിന്നെ പരിശീലകരുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു. ടെറി ഫിലാന്‍, സ്റ്റീവ് കോപ്പല്‍, റെനേ മ്യൂലെന്‍സ്റ്റീന്‍ അവസാനം വീണ്ടും ജയിംസ് . ആരാധകന്‍ എന്ന നിലയില്‍ ഒരു സീസണ്‍ പോലും ഈ ടീം എന്നെ തൃപ്തിപ്പെടുത്തിയിട്ടില്ല. നല്ലൊരു മത്സരം പോലും ഈ അഞ്ചു സീസണില്‍ കാണാന്‍ സാധിച്ചിട്ടില്ല എന്നതും വേദനിപ്പിക്കുന്ന ഒന്നാണ്.

പരിശീലകനാണോ ജയിംസ്?

ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ തലയെടുപ്പുണ്ടെങ്കിലും പരിശീലനം ഡേവിഡ് ജയിംസിന് പറ്റിയ പണിയാണോ എന്ന് സംശയമുണ്ട്. സത്യത്തില്‍ ജയിംസ് അല്ല ഇപ്പോള്‍ ടീമിനെ നയിക്കുന്നത്. പ്രമുഖ സംവിധായകര്‍ക്ക് വേണ്ടി സഹ സംവിധായകര്‍ സിനിമ ചെയ്യുന്നത് പോലെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പലപ്പോഴും പല മത്സരങ്ങളിലും തോന്നിയത്. ഓര്‍ഡര്‍ കൊടുക്കാന്‍ മുഖ്യ പരിശീലകനും കാര്യങ്ങള്‍ ഇതൊക്കെയാണ് എന്ന് പറഞ്ഞു മനസിലാക്കി കൊടുക്കാന്‍ സഹ പരിശീലകനും. സഹ പരിശീലകനായ ഐസ്ലാന്‍കാരന്‍ ഹെര്‍മന്‍ ഹേഡ്ഡേര്‍സണ്‍ ആണ് ഇപ്പോള്‍ ടീമിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് പലപ്പോഴും തോന്നിപ്പോകുന്നു.ഏത് മല്‍സരം ശ്രദ്ധിച്ചാലും ടച്ച് ലൈനില്‍ നിന്ന് സംസാരിക്കുകയും, കളിക്കാരെ മാറ്റി ഇറക്കുന്നതും ജയിംസ് പുതിയതായി നിയമിച്ച സഹ പരിശീലകന്‍ ഹെര്‍മന്‍ ഹേഡ്ഡേര്‍സണ്‍ തന്നെയാണ് എന്ന് മനസിലാകും. ഇത് ബ്ലാസ്റ്റേഴ്‌സ് അധികാരികളുടെ അറിവോടെയാണോ എന്നറിയില്ല. മറ്റൊരു സഹപരിശീലകനായ താങ്‌ബോയ് സിംഗ്‌തോയെക്കുറിച്ച് പറയുന്നില്ല. അദ്ദേഹത്തിന് സ്വന്തം ജോലിയില്‍ ഭയമുള്ളതുകൊണ്ടാകും ടീമിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ലത്രേ.

ടീം മോശമാണ് അല്ലെങ്കില്‍ പ്രകടനം നിരാശാജനകമാണ് എന്നാണ് പൊതുവിലയിരുത്തല്‍. മറ്റൊരു പ്രധാനപ്പെട്ട കാര്യം കളിക്കാരുടെ ശാരീരിക ക്ഷമതയാണ്. സൂപ്പര്‍ ലീഗിലെ ഏതു ടീമിനെ നോക്കിയാലും ബ്ലാസ്റ്റേഴ്‌സിന് എഴുപതു മിനിറ്റു കളിക്കാനുള്ള ശാരീരികക്ഷമതയേ ഉള്ളൂ എന്നതാണ് സത്യം. എഴുപതു മിനിറ്റു കഴിഞ്ഞാല്‍ നടക്കാന്‍ പോലും വയ്യാത്ത രീതിയിലേക്ക് കളിക്കാര്‍ മാറുന്നു. അവസാന ഇരുപതു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ വഴങ്ങിയ ടീമും ബ്ലാസ്റ്റേഴ്‌സാണ്. ഇത് സംഭവിക്കുന്നത് ജയിസിന്റെ ശിക്ഷണ കാലത്താണെന്നതും ശ്രദ്ധേയം. പൊസിഷന്‍ കൃത്യമായി പാലിക്കാതെ പന്തിനു പിന്നാലെ ഓടുന്ന ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഇതിന്റെ വലിയ ഉദാഹരണം.

വിദേശ ലീഗുകളില്‍ കളിക്കാര്‍ മാറിയിറങ്ങുമ്പോള്‍ അവര്‍ സഞ്ചരിച്ച ദൂരംമടക്കമുള്ള വിവരങ്ങള്‍ കിട്ടുമായിരുന്നു. കേരള ടീമിന്റെ ഓരോ മത്സരത്തിലും ഓരോ കളിക്കാരും എത്ര ദൂരം ഓടി എന്നുള്ളത് അറിയാനുള്ള ശ്രമം എപ്പോഴും ഉണ്ടാക്കാറുണ്ട്. പ്രതിരോധ നിരയിലെ താരങ്ങള്‍ മാത്രമാണ് ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളത്.

‘പരുക്ക’ന്‍ ബ്ലാസ്റ്റേഴ്‌സ്

താരങ്ങളുടെ പരിക്കാണ് ആരാധകരെ വലയ്ക്കുന്ന മറ്റൊരു പ്രെശ്‌നം.ടീം ഫിസിയോ, വര്‍ക്ക് ഔട്ടുകള്‍ എത്രത്തോളം പ്രൊഫഷനലും,ശാസ്ത്രീയവുമാണ് എന്നും സംശയമുണ്ട്. കറേജ് പെക്കൂസന്റെ പരിക്കിനെപറ്റി ഇന്നുവരെ കൃത്യമായി ആര്‍ക്കുമറിയില്ല. ഗോവയ്ക്ക് എതിരായ മല്‍സരത്തില്‍ സ്ലാവിസ സ്റ്റൊയാനോവിച്ച് പരിക്കേറ്റ് ഇരുപത്തി അഞ്ചാമത്തെ മിനിറ്റില്‍ സബ് ചെയ്യപ്പെട്ടു. ആ മല്‍സരം തുടക്കം മുതല്‍ അദ്ദേഹം പരിക്കുമായാണു കളിക്കുന്നതെന്ന് കൊച്ചു കുട്ടികള്‍ക്ക് വരെ മനസ്സിലാകും. സ്റ്റൊയാനോവിച്ചിന്റെ പരിക്കിനെക്കുറിച്ചും ആര്‍ക്കും അറിയില്ല. സിറില്‍ കാലിക്ക് പരിശീലനത്തിടെ പരിക്കേറ്റു. ലാലീഗ വേള്‍ഡില്‍ മിന്നല്‍ പ്രകടനം നടത്തിയ സെന്റര്‍ ബാക്ക് ആയിരുന്നു കാലി, ‘ഹീ ഈസ് നോട്ട് ദി സേയിം എനി മോര്‍’ എന്ത് കൊണ്ട് എന്നത് ഇപ്പോഴും ദുരൂഹം.

കെസിറോണ്‍ കിസീറ്റോയുടേ പരിക്കാണു നമുക്ക് പ്രത്യക്ഷത്തില്‍ കാണാനായത്. ഇത് കളിക്കളത്തിലാണ് സംഭവിച്ചത്. പോസ്റ്റീരിയര്‍ ഷോള്‍ഡര്‍ ഡിസ് ലൊക്കേഷനും അത് വഴി ലിഗമന്റ് ടിയറും ആയിരുന്നു. ഇതിനു ശേഷം കിസീറ്റോയുടെ റിക്കവറി പൂര്‍ണ്ണമായും ശാസ്ത്രീയമായി ബ്‌ളാസ്റ്റാര്‍സിന് നടത്താനായോ എന്നതും പ്രസക്തമായ ഒരു ചോദ്യമായി അവശേഷിക്കുന്നു. എന്ത് പരിക്കാണ് കിസീറ്റോയെ ഇപ്പോഴും അലട്ടുന്നത് ?ബ്ലാസ്റ്റേഴ്സ്സ് ടീം ഡോക്ടര്‍ എന്ത് ചെയ്യുന്നു?? ആധുനിക പരിശീലകരെ പോലെ ഒറ്റയ്ക്കല്ല ജയിംസും എത്തിയിട്ടുള്ളത്. വിദഗ്ധ സംഘം തന്നെ കൂടെയുണ്ട് എന്നുറപ്പാണ്. യുവ രക്തത്തിന് പ്രാധാന്യമുള്ള ഒരു പറ്റം കളിക്കാരാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. നമ്മുടെ അപേക്ഷിച്ച് മറ്റു ടീമുകളുടെ കളിക്കാര്‍ക്ക് ഗുരുതമായ പരിക്കുകള്‍ പ്രത്യക്ഷത്തില്‍ കാണാനില്ല. ഉണ്ടെങ്കില്‍ തന്നെ അതിനു കൃത്യമായി പരിഹാരിച്ചാണ് അവരെല്ലാം കളത്തിലേക്ക് തിരിച്ചു വരുന്നത്.

കളിക്കാരുടെ പൊസിഷന്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ കോപ്പലിന്റെ കാലം മുതലേയുണ്ട്. ഹോസുവായിരുന്നു അന്ന് ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ കളിച്ചിരുന്നത്. അവിടെ കളിക്കാന്‍ ഒരിക്കലും പ്രാപ്തനായിരുന്നില്ല ഹൊസു. റിനോയുടെപ്രകടനം നിലവാരത്തിനൊത്തു ഉയര്‍ന്നില്ല. റൈറ്റ് ബാക്കായ റിനോ ലെഫ്റ്റ് ബാക്ക്,ലെഫ്റ്റ് മിഡ്,റൈറ്റ് ബാക്ക് അങ്ങിനെ എല്ലാ വേഷവും കെട്ടിയാടുകയായിരുന്നു. ഹോളിചരണ്‍ നര്‍സ്സാറി ,ലെന്‍ ഡുംഗല്‍ എന്നിവരില്‍ ആര് ഏത് വിംഗില്‍ കളിക്കുമെന്നത് പരിശീലകന് പോലും നിശ്ചയമില്ല. പ്രശാന്തിനെ റൈറ്റ് ബാക്ക് ആയികളത്തില്‍ ഇറക്കുന്നു ചിലപ്പോള്‍. എന്തിനാണ് കളിക്കാന്‍ ഇറക്കിയതെന്ന് പോലും അറിയാതെ പഴയ ഓട്ടക്കാരനായി മാറുന്നു മിക്കപ്പോഴും പ്രശാന്ത്. കൃത്യമായി പറഞ്ഞാല്‍ ലക്ഷ്യമൊന്നുമില്ലാതെ ഗ്രൗണ്ടില്‍ തലങ്ങും വിലങ്ങും ഓടുന്നൊരു കളിക്കാരന്‍.

ഡേവിഡ് ജയിംസ് എന്ന പരിശീലകനെ കഴിഞ്ഞ തവണ രക്ഷപ്പെടുത്തിയത് ദീപേന്ദ്ര നേഗി ആയിരുന്നു. മാസ്മരിക പ്രകടനം നടത്തി , ഒരു പക്ഷേ ജെയിംസിന് ദീഘകാല കരാര്‍ നീട്ടിക്കൊടുക്കാന്‍ സഹായിച്ച നേഗിക്ക് പിന്നെ ഒരേയൊരു അവസരമാണ് കിട്ടിയത്.ഈ സീസണില്‍ ഒറ്റമത്സരത്തിലും ബൂട്ടണിയാഴ കഴിഞ്ഞിട്ടില്ല. എം പി സക്കീര്‍ ലാലീഗ വേള്‍ഡില്‍ കളിച്ചിരുന്നു. കിസീറ്റോ ഡിഫന്‍സീവ് മിഡ് റോളില്‍ പൂര്‍ണ്ണ പരാജയം ആണെന്ന് കണ്ടിട്ടും ചുമതല ഭംഗിയാക്കുന്ന സക്കീറിനു അവസരം നല്‍കിയത് ഒരിക്കല്‍ മാത്രം. ജയിംസ് തന്നെ പറഞ്ഞിരുന്ന ന്യായം അഞ്ചു വിദേശ താരങ്ങളെ കളിപ്പിക്കാത്തത് ആരാണു വിദേശ ,സ്വദേശ താരങ്ങളെന്ന് നോക്കാത്തത് കൊണ്ടാണെന്ന് ആയിരുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് സക്കീറിനു അവസരം കിട്ടിയില്ല എന്ന ചോദ്യം ബാക്കിയാവുന്നു.

കറേജ് പേക്കൂസന് ഈ സീസണില്‍ കളിക്കാന്‍ അവസരം കിട്ടിയെന്ന് പറയാനാവില്ല.ജ യിംസിനു പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു കളിക്കാരെ എടുക്കുന്നതിലും നിശ്ചയിക്കുന്നതിലും. അങ്ങനെ എങ്കില്‍ എന്തിനു നിലനിര്‍ത്തി എന്ന ചോദ്യം ബാക്കിയാവുന്നു. പെക്കൂസണ്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല. ടീം തായ്ലാന്‍ഡില്‍ പരിശീലനത്തിനു പോയപ്പോള്‍ പെക്കൂസണ്‍ കൂടെയുണ്ടായിരുന്നില്ല. വീസാ പ്രശ്‌നം പറഞ്ഞു മാറ്റി നിര്‍ത്തപ്പെടുകയായിരുന്നു. അതുകഴിഞ്ഞ് രണ്ടു മത്സരങ്ങള്‍ക്ക് അവസരം കൊടുത്തൂ . ഇപ്പോള്‍ പകരക്കാരുടെ പട്ടികയിലും കാണാനില്ല.

ധീരജ് വേണോ നവീന്‍ വേണോ?. അനസ് കളിക്കണോ വേണ്ടയോ?. ഇതുവരെ മികച്ച പ്രകടനം നടത്തിയ സെന്റര്‍ ബാക്ക് പെസിച്ച് വേണോ വേണ്ടയോ തുടങ്ങിയ തീരുമാനം പോലും ജയിംസിന് എടുക്കാനായിട്ടില്ല. ടീമിന്റെ നായകനാണ് , ആരാധകരുടെ പിന്തുണയുണ്ട് എന്നതിനാല്‍ എന്നും ജിങ്കന്റെ പെട്ടിയില്‍ മാത്രം നറുക്ക് വീഴും. മുഹമ്മദ് റാകിപ്പിനെ ഒഴിവാക്കുന്നതിന് ന്യായീകരണംപോലുമില്ല.

ആരോട് പറയാന്‍… ആര് കേള്‍ക്കാന്‍…

എല്ലാ കളിയിലും അഞ്ചു മാറ്റം കൊണ്ടുവരുന്ന ജയിംസ് ശൈലി ആരിലും ചിരി പടര്‍ത്തും.ഒരു കളിയില്‍ റൈറ്റ് വിങ്ങര്‍ ആയ പ്രശാന്ത് അടുത്ത കളി റൈറ്റ് ബാക്ക് റോളിലേക്ക് മാറും .അതാവട്ടേ, റാകിപ് അല്ലെങ്കില്‍ ജിങ്കാനേഎന്നിവര്‍ക്ക് യഥാസ്ഥാനത്ത് കളിക്കാനുള്ള സര്‍വ്വ സ്വാതന്ത്ര്യവും ഉണ്ടന്നിരിക്കേ. പ്രശാന്തിനൊപ്പം ബ്ലാസ്റ്റേഴ്‌സ് വിദേശത്തയച്ച് പരിശീലിപ്പിച്ച താരമാണു ലോകന്‍ മീട്ടേയ്. പകരക്കാരുടെ പട്ടികയില്‍പ്പോലും ഈ പേര് കണ്ടിട്ടില്ല.

ആനയേക്കാള്‍ വലിപ്പമുള്ള പ്രതിരോധ താരങ്ങള്‍ കളിക്കുന്ന ടീമിനെ നേരിടുമ്പോള്‍പോലും ശൈലിയില്‍ യാതൊരു മാറ്റവും വരുത്താന്‍ ജയിംസ് തയ്യാറല്ല. ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാവും. മലയാളിതാരം സഹലിനു പന്ത് കിട്ടുമ്പോള്‍ മാത്രമാണു കളി മുന്നോട്ട് നീങ്ങുന്നത്. ബാക്ക് പാസുകളുടെ എണ്ണത്തിലായിരിക്കും കിസീറ്റോ മുന്നിട്ട്‌നില്‍ക്കുന്നത്. പ്രത്യാക്രമണങ്ങള്‍ മരവിപ്പിക്കാന്‍ കിസീറ്റോയ്ക്കും നര്‍സാരിക്കും പ്രത്യേക വൈഭവമാണെന്ന് നോന്നിപ്പോകും.

ഇരുട്ടില്‍ത്തപ്പുന്ന ജയിംസ്

വ്യക്തമായ പദ്ധതികള്‍ ഒന്നുമില്ലാതെയാണ് ഡേവിഡ് ജയിംസ് കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നോട്ട് നയിക്കുന്നത്. നാഥന്‍ ഉണ്ടായിട്ടു തന്നെ കളരിയുടെ അവസ്ഥ വളരെ ശോചനീയം. ജയിംസ് ബാധ്യതയായിക്കഴിഞ്ഞു. ഇയാളെ ചുമന്ന് ബ്‌ളാസ്റ്റാര്‍സിന് അധിക ദൂരം സഞ്ചരിക്കാനാവില്ല. ആരാധകരും ഈ സത്യം മനസ്സിലാക്കിക്കഴിഞ്ഞു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ തോല്‍വിക്ക് ശേഷമുള്ള ആരാധകരുടെ പ്രതികരണം വ്യക്തമാക്കുന്നതും ഇതുതന്നെ. എന്നാല്‍ ടീം മാനേജ്‌മെന്റ് മാത്രം ഇതറിഞ്ഞിട്ടില്ല. കളിക്കാരെയും ആരാധകരെയും നിരാശപ്പെടുത്തുന്നതും ഇതുതന്നെയാണ്.

വിദേശ താരങ്ങളെ മുണ്ടുടുപ്പിക്കുന്നതിനും വള്ളംകളിക്ക് കൊണ്ടുപോകുന്നതിനുമല്ല ആരാധകര്‍ ബ്ലാസ്റ്റേഴ്‌സ് ടീമിനെ ഹൃദയത്തിലേറ്റിയത്. വൈകിയെങ്കിലും ആരാധകര്‍ ഇക്കാര്യം തിരിച്ചറിയുന്നു എന്നതും ശുഭസൂചനയാണ്. ഏത് താരത്തേയും ടീമിലിട്ടാല്‍ ആര്‍പ്പുവിളിക്കുമെന്ന ധാരണ അധിക കാലത്തേക്ക് വേണ്ട. യാഥാര്‍ഥ്യം തിരിച്ചറിയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

വൈകിയിട്ടില്ല. സമയമുണ്ട് തിരിച്ചു വരവിന്. ചെന്നൈയെ കീഴടക്കിയാല്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താം. സ്വന്തം ടീമിനെ ഇത്രയധികം സ്‌നേഹിക്കുന്ന ആരാധക കൂട്ടം ലീഗില്‍ വേറെയൊരു ടീമിനും ഇല്ലെന്ന സത്യം കൂടി അധികാരികള്‍ തിരിച്ചറിയണം. ഇത്രയും മോശമായി കളിച്ചിട്ടും ,ആരാധകരെ തൃപ്തിപ്പെടുത്താന്‍ കഴിയാതിരുന്നിട്ടും ആരും ടീമിനെതിരെ തിരിഞ്ഞിട്ടില്ല. ഈ സ്‌നേഹത്തെ ദൌര്‍ബല്യമായി കാണരുത്. ആരാധകരെ അധികനാള്‍ പൊട്ടന്‍ കളിപ്പിക്കാനാവില്ല.

കളിത്തട്ടിലില്ല, പന്ത് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ കാലിലാണിപ്പോള്‍. നല്ല, ജയിക്കുന്ന ടീമില്ലെങ്കില്‍ പൊടിക്കൈകള്‍ക്കൊന്നും നിങ്ങളെ രക്ഷിക്കാനാവില്ല. ഇനിയെങ്കിലും തിരിച്ചറിയുക. ഫുട്‌ബോളിനെ പ്രൊഫഷണലായി സമീപിക്കുക. ഇല്ലെങ്കില്‍ കാലം നിങ്ങള്‍ക്ക് കാത്തുവച്ചിരിക്കുന്നത് ചവറ്റുകുട്ടയാണ്.

(ഫുട്‌ബോള്‍ രംഗത്ത് കൃത്യമായ നിരീക്ഷണങ്ങളിലും വിശകലനങ്ങളിലും തന്റേതായ കയ്യൊപ്പ് പതിപ്പിക്കുകയും സോഷ്യല്‍ മീഡിയയില്‍ ഫുട്‌ബോള്‍ രംഗത്തെ കഴമ്പുള്ള ചര്‍ച്ചകള്‍ നടക്കുന്ന അപൂര്‍വം കൂട്ടായ്മകളിലൊന്നായ ജസ്റ്റ് ഫുടബോള്‍ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിനുമായ ലേഖകന്‍ സ്‌പോര്‍ട്‌സ് ഗ്ലോബ്‌ വെബ്‌സൈറ്റില്‍ എഴുതിയ ലേഖനം)