മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് ആശ്വാസം ; ബഗാനോട് കലിപ്പടക്കാന്‍ കാത്തിരുന്ന കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന് തിരിച്ചടി

തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുമ്പോള്‍ ആദ്യ മത്സരത്തിലേറ്റ തിരിച്ചടിയ്ക്ക് എടികെ മോഹന്‍ബഗാനോട് കലിപ്പടക്കാന്‍ കാത്തിരുന്ന കേരളാബ്‌ളാസ്‌റ്റേഴ്‌സിന് തിരിച്ചടി. ബ്ലാസ്റ്റേഴ്‌സിന്റെ ടീം ക്യാമ്പിനുള്ളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും വിദേശ താരങ്ങള്‍ക്കും പോസിറ്റീവായെന്നുമാണ് പുതിയ റിപ്പോര്‍ട്ട്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടീം ക്യാമ്പിനുള്ളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇന്നു നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവെച്ചു. ഇത് രണ്ടാം തവണയാണ് ബ്‌ളാസ്‌റ്റേഴ്‌സ് – കൊല്‍ക്കത്ത മത്സരം മാറ്റി വെയ്ക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച നടക്കേണ്ടിയിരുന്ന മത്സരം ഇന്നത്തേക്ക് മാറ്റിയതായിരുന്നു. കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന്റെ മുംബൈസിറ്റിയ്ക്ക് എതിരേ നടക്കേണ്ടിയിരുന്ന മത്സരവും മാറ്റിയിരുന്നു. ഇതുവരെ പരിശീലനത്തിന് പോലും ഇറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബളാസറ്റേഴ്‌സ്.

ഒരാഴ്ചക്കടുത്തായി പരിശീലനം നടത്തിയിട്ടില്ലാത്ത ടീമില്‍ കൊവിഡ് കേസുകള്‍ വളരെയധികം കൂടുതലാണെന്നും എടികെ മോഹന്‍ ബഗാനെതിരായ മത്സരത്തില്‍ കളിക്കാനുള്ള അവസ്ഥയിലല്ല അവരെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ മാസം മുപ്പതിനാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം. ബെംഗളൂരു എഫ്‌സിയാണ് ഈ മത്സരത്തില്‍ ടീമിന്റെ എതിരാളികള്‍. 11 ദിവസത്തെ ഇടവേള കൂടി ഈ മത്സരത്തിന് മുന്‍പ് ടീമിന് ലഭിക്കും.