റൊണോയും നിരീക്ഷണത്തില്‍, സഹതാരത്തിന് കൊറോണ, ഫുട്‌ബോള്‍ ലോകം ഞെട്ടലില്‍

ഇറ്റലിയില്‍ അതിവേഗം പടര്‍ന്നു പിടിയ്ക്കുന്ന കോവിഡ് 19 വൈറസ് ബാധ ഫുട്‌ബോള്‍ താരങ്ങളേയും കീഴ്‌പ്പെടുത്തി തുടങ്ങി. സൂപ്പര്‍ താരം റൊണാള്‍ഡോയുടെ ടീമായ യുവന്റസിന്റെ സെന്റര്‍ ബാക്കായ ഡാനിയെലെ റുഗാനിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതാണ് ഏറെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത.

രണ്ട് ദിവസം മുമ്പ് നടന്ന ഇന്റര്‍ മിലാന്‍ യുവന്റസ് മത്സരത്തിന്റെ ഭാഗമായിരുന്നു റുഗാനി.  മത്സരശേഷം റൊണാള്‍ഡോ അടങ്ങുന്ന യുവന്റസ് ടീമിനൊപ്പം താരം വിജയവും ആഘോഷിച്ചിരുന്നു.

ഇതിന് ശേഷമാണ് റുഗാനി നടത്തിയ പരിശോധനയില്‍ ഡോക്ടര്‍മാര്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എങ്കിലും ഈ പരിശോധന ഫലം ഫുട്‌ബോള്‍ ലോകമാകെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ഇതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ള മുഴുവന്‍ യുവന്റസ് ടീമും 14 ദിവസത്തേക്ക് ഐസൊലേഷനില്‍ കഴിയണം എന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇന്റര്‍ മിലാന്‍ താരങ്ങളോടും ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നടക്കുന്ന ഏല്ലാ കായിക മത്സരങ്ങളും നിരോധിച്ചിരുന്നു.