ഐ.എസ്.എല്‍: അങ്ങനെ സംഭവിച്ചാല്‍ എതിരാളികള്‍ 3-0ത്തിന് ജയിച്ചതായി പ്രഖ്യാപിക്കും

കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ മത്സരനടത്തിപ്പില്‍ പുതിയ ചട്ടങ്ങളുമായി ഐഎസ്എല്‍ അധികൃതര്‍. ഒരു ടീമില്‍ 15 കളിക്കാരെങ്കിലും നെഗറ്റീവായുണ്ടെങ്കില്‍ മാത്രമേ മത്സരം നടത്താനാകൂ എന്ന് അധികൃതര്‍ ക്ലബ്ബുകളെ അറിയിച്ചു.

എടികെ മോഹന്‍ ബഗാന്‍ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഒഡിഷ എഫ്സിക്കെതിരായ മത്സരം മാറ്റിവയ്ക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് പുതിയ ചട്ടം പ്രഖ്യാപിച്ചത്. ബയോബബിളില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ടൂര്‍ണമെന്റ് പുരോഗമിക്കുന്നതെങ്കിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് കരുതല്‍ നടപടി.

ഒരു ടീമില്‍ 15 കളിക്കാര്‍ എങ്കിലും കോവിഡ് നെഗറ്റീവെങ്കില്‍ മത്സരം നടത്തും. 15 പേരില്ലെങ്കില്‍ മത്സരം മാറ്റിവയ്ക്കാം. മാറ്റിവയ്ക്കാന്‍ കഴിയില്ലെങ്കില്‍ എതിര്‍ടീം 3-0ന് ജയിച്ചതായി കണക്കാക്കും. ഇരു ടീമിലും കൊവിഡ് ബാധിതരെങ്കില്‍ മത്സരം ഗോള്‍രഹിത സമനിലയായി കണക്കാക്കും.

പുതിയ ചട്ടം ഐഎസ്എല്‍ അധികൃതര്‍ ക്ലബ്ബുകളെ അറിയിച്ചു. കോവിഡ് ബാധിതരുടെ എണ്ണം ടീമുകള്‍ക്ക് മറച്ചുവയ്ക്കാന്‍ കഴിയാത്ത തരത്തിലാണ് പരിശോധന ക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. പരിശോധനാഫലം ക്ലബ്ബുകള്‍ക്ക് നല്‍കും മുന്‍പ് ലീഗ് അധികൃതര്‍ക്കാവും ലഭ്യമാകുക.