'ഞങ്ങളുടെ ടീമിന് മാത്രമല്ല, ലീഗിലെ മറ്റെല്ലാ ക്ലബ്ബുകള്‍ക്കും ആ കഴിവുണ്ട്'; ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകൊമാനോവിക്

ഐഎസ്എല്ലിന്റെ എട്ടാം സീസണില്‍ കഴിഞ്ഞ 10 മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ഒഡീഷ എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. ഇപ്പോഴിതാ സീസണിലെ ആദ്യ മത്സരത്തിലെ തോല്‍വിയ്ക്ക് ശേഷം എന്ത് മാറ്റമാണ് ടീമില്‍ സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകൊമാനോവിക്.

‘തുടക്കം മുതല്‍ ആരെയും തോല്‍പ്പിക്കാനുള്ള കഴിവ് ഞങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു. ഞങ്ങളുടെ ടീമിന് മാത്രമല്ല, ഈ ലീഗിലെ മറ്റെല്ലാ ക്ലബ്ബുകള്‍ക്കും ആ കഴിവുണ്ട്. എളുപ്പമുള്ള ഗെയിമുകള്‍ എന്ന് വിളിക്കപ്പെട്ട മത്സരങ്ങളില്‍ പലതവണ മുന്‍നിര ടീമുകള്‍ക്ക് വിജയിക്കാനായില്ല എന്നത് നമ്മള്‍ കണ്ടു.’

Image

‘ചില ദിവസങ്ങളില്‍ റാങ്കിംഗില്‍ താഴെ നില്‍ക്കുന്ന ടീമുകള്‍ മുന്‍പില്‍ നില്‍ക്കുന്ന ടീമുകളെ തോല്‍പ്പിക്കുന്നതും കണ്ടു. എടികെ മോഹന്‍ ബഗാനെതിരായ ആദ്യ തോല്‍വിക്ക് ശേഷവും കളിയില്‍ തിരിച്ചെത്താനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ടായിരുന്നു. നല്ല കളിക്കാരും ശൈലിയും കഴിവും ഉപയോഗിച്ച് മൊമെന്റേം  വർദ്ധിപ്പിക്കാൻ കഴിയുമെന്ന് ഞങ്ങള്‍ എപ്പോഴും വിശ്വസിച്ചിരുന്നു’ ഇവാന്‍ പറഞ്ഞു.

പ്രതിരോധ താരങ്ങളായ നിഷുകുമാറും ഹര്‍മന്‍ജോത് ഖാബ്രയുമാണ് ഒഡീഷയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്സിനു വേണ്ടി വല കുലുക്കിയത്. ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഖാബ്ര ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.