സിംബാബ്‌വെ പ്രതിരോധ താരം കോസ്റ്റ നമോയിന്‍സു ബ്ലാസ്റ്റേഴ്സില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ സിംബാബ്‌വെ പ്രതിരോധ താരം കോസ്റ്റ നമോയിന്‍സു കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി കളിക്കും. താരവുമായുള്ള കരാര്‍ ഒപ്പുവച്ചതായി കേരള ബ്ലാസ്റ്റേഴ്സ്  പ്രഖ്യാപിച്ചു. ഹരാരെയില്‍ നിന്നുള്ള താരം സിംബാബ്വെന്‍ ക്ലബ്ബായ അമാസുലു എഫ്സിക്കൊപ്പമാണ് സീനിയര്‍ കരിയര്‍ തുടങ്ങിയത്.

2005ല്‍ മാസ്വിങോ യുണൈറ്റഡിനൊപ്പം ചേര്‍ന്നു. സിംബാബ്വെ പ്രീമിയര്‍ സോക്കര്‍ ലീഗിലെ ഒരു സീസണിനുശേഷം 2007ല്‍ പോളണ്ടിലേക്ക് മാറി. വായ്പ അടിസ്ഥാനത്തില്‍ കെഎസ് വിസ്ല ഉസ്ത്രോണിയങ്കയ്ക്കായി കളിച്ച താരം 2008 മുതല്‍ രണ്ടു സീസണുകളിലായി പോളിഷ് ടീമായ സാഗ്ലെബി ലൂബിന് വേണ്ടിയും പ്രതിരോധം കാത്തു. ടീമിലെ മികച്ച പ്രകടനം താരത്തിന് ക്ലബ്ബില്‍ സ്ഥിരം കരാറും നേടിക്കൊടുത്തു. ലൂബിന് വേണ്ടി 136 മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍ നേടിയ കോസ്റ്റ പോളിഷ് ലീഗിലെ ഏറ്റവും മൂല്യമുള്ള സെന്റര്‍ ബാക്ക് ആയും മാറി.

Costa

2013ലാണ് ചെക്ക് ഫുട്ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിലേക്കുള്ള കൂടൂമാറ്റം. ക്ലബ്ബിന് വേണ്ടി ഏഴു സീസണുകളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു. ഒപ്പം ക്ലബ്ബിന്റെ യൂറോപ്പ ലീഗ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് കാമ്പയിനുകളില്‍ നായകസ്ഥാനവും വഹിച്ചു. ഈ കാലയളവില്‍ ഒമ്പത് ഗോളുകളും കോസ്റ്റ നേടി.

Barcelona interested in Costa Nhamoinesu? – Nehanda Radio

സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച ഒരു പദ്ധതിയുണ്ടെന്നും തന്റെ പുതിയ സഹതാരങ്ങളെ കണ്ടുമുട്ടുന്നതും പുതിയ സംസ്‌കാരങ്ങള്‍ പഠിക്കുന്നതും എന്നെ മോഹിപ്പിക്കുകയും ജിജ്ഞാസ ഉണര്‍ത്തുകയും ചെയ്യുന്നുണ്ടെന്നും കോസ്റ്റ നമോയിന്‍സു പറഞ്ഞു. ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്നതിന് പരമാവധി ശ്രമിക്കും. ആരാധകര്‍ നല്‍കുന്ന ആവേശം വളരെ അധികം ആകര്‍ഷിക്കുന്നുണ്ട്. ഊര്‍ജ്ജസ്വലവും ശക്തവും ആത്യാവേശവും നിറഞ്ഞ ആരാധകവൃന്ദമുള്ള ഒരു ക്ലബ് സ്റ്റേഡിയത്തില്‍ മികച്ച പ്രകടനം അര്‍ഹിക്കുന്നുണ്ട്. തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് മാനേജ്മെന്റിനും ഒപ്പം ക്ലബിനെ പരിചയപ്പെടുത്തിയതിന് ഏജന്റിനും നന്ദി പറയുന്നു. കേരളത്തെയും ക്ലബിനെയും കുറിച്ച് കൂടുതലറിയാന്‍ ആഗ്രഹിക്കുകയാണ്. “ഒരേയൊരു പ്രണയം, മഞ്ഞപ്പടയോട്”. കേരള ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിടുന്നതില്‍ ആവേശഭരിതനായ കോസ്റ്റ പറഞ്ഞു.

Costa ends strained romance – Nehanda Radio

സ്പാര്‍ട്ട പ്രാഗിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച വിദേശ താരമെന്ന നിലയില്‍ പരിചയസമ്പന്നനായ സെന്റര്‍ ബാക്കായാണ് കോസ്റ്റ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കൊപ്പം ചേരുക. പ്രതിരോധ നിരയെ നയിക്കാനും സീസണിലുടനീളം യുവ ഇന്ത്യന്‍ പ്രതിരോധ താരങ്ങള്‍ക്ക് അറിവ് പകരാനും കോസ്റ്റയുണ്ടാവും.

ISL: Kerala Blasters Sign Zimbabwean International Defender Costa Nhamoinesu

Read more

കോസ്റ്റയെ പോലെ ഒരു മികച്ച താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ അതീവ സന്തുഷ്ടനാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ചെക്ക് ഫുട്ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിനെ നയിക്കുകയും ഇരുനൂറില്‍ അധികം മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത താരം അനുഭവസമ്പത്തിന്റെയും അതിവൈദഗ്ധ്യത്തിന്റെയും മിശ്രണം ടീമിന് നല്‍കും. യൂറോപ്പിലെ അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ സ്വഭാവവും കഴിവും പ്രതിഫലിപ്പിക്കുന്നതാണ് ആ നേട്ടം. വരാനിരിക്കുന്ന സീസണില്‍ കോസ്റ്റയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്-കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.