ആഷിഖ് അവിശ്വസനീയ താരം, ബംഗളൂരു പരിശീലകന്‍ നശിപ്പിക്കുന്നു, ആരോപണവുമായി മാര്‍സെലീന്യോ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഗോള്‍ വേട്ടക്കാരനാണ് ബ്രസീല്‍ താരമായ മാര്‍സെലീന്യോ. കാലില്‍ പന്ത് ലഭിച്ചാല്‍ എതിരാളികളുടെ വലയിലെത്തിക്കാന്‍ അസാമാന്യ പാടവമുളള ഗോള്‍ വേട്ടക്കാരന്‍. ടീമെത്ര ചെറുതാണെങ്കിലു്ം വലുതാണെങ്കിലും മാര്‍സെലീന്യോ കാലില്‍ നിന്നും ഗോള്‍വല ലക്ഷ്യമാക്കി ഷോട്ടുകള്‍ പായിച്ചു കൊണ്ടേയിരിക്കും.

കഴിഞ്ഞ ദിവസം ആനന്ദ് ത്യാഗിയ്‌ക്കൊപ്പം നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവില്‍ തന്നെ അമ്പരപ്പിച്ച ഇന്ത്യന്‍ യുവതാരങ്ങളെ കുറിച്ച് മാര്‍സെലീന്യോ മനസ്സ് തുറന്നു. മലയാളി താരവും ബംഗളൂരുവിന്റെ കളിക്കാരനുമായ ആഷിക്ക് കുരുണിയനും ഒഡിഷ എഫ്‌സി താരമായ വിനീത് റായിമാണ് മാര്‍സെലീനോ മികച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായി തിരഞ്ഞെടുത്തത്.

ആഷിഖിനെ പിശീലകന്‍ ശരിയായ പൊസിഷനിലല്ല ഉപയോഗിക്കുന്നതെന്നും മുന്നേറ്റ നിരയിലായിരുന്നു അദ്ദേഹത്തെ കളിപ്പിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

‘സമീപകാലത്ത് തന്നെ ഏറെ വിസ്മയിപ്പിച്ച കളിക്കാരാണ് ആഷിക് കുരുണിയനും വിനിത് റായിയും, ബംഗളൂരു പരിശീലകന്‍ ആഷിഖിനെ പ്രതിരോധ നിരയില്‍ പരീക്ഷിക്കുന്നതിനാല്‍ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല, മുന്നേറ്റനിരയിലാണ് അദ്ദേഹത്തിന് കളിക്കാന്‍ കഴിയുക, മാത്രമല്ല അത് ഇന്ത്യന്‍ ഫുട്‌ബോളിന് വളരെയധികം ഗുണം ചെയ്യുകയും ചെയ്യും. നമ്മള്‍ അദ്ദേഹത്തെ നന്നായി പിന്തുണയ്ക്കേണ്ടതുണ്ട്, അവന് മേല്‍ അധികം സമ്മര്‍ദ്ദം ഉണ്ടാക്കരുത്. ഒരു വ്യക്തിയെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഞാന്‍ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നു.’ മാര്‍സെലീന്യോ പറഞ്ഞു.

‘വിനിത് റായ് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഞാന്‍ അദ്ദേഹത്തിനെതിരെ കളിക്കുമ്പോള്‍ എനിക്ക് പന്ത് തൊടാന്‍ പ്രയാസമായിരുന്നു. ഞാന്‍ ചോദിച്ചു ‘ആരാണ് ഈ വ്യക്തി?’ പന്ത് ഇല്ലാത്തപ്പോഴും അദ്ദേഹം എതിര്‍ ടീം കളിക്കാരെ നന്നായി മാര്‍ക്ക് ചെയ്യുന്നു. ഓരോ സീസണിലും അദ്ദേഹം മെച്ചപ്പെട്ടു വരുന്നു’ മാര്‍ലെസീന്യോ കൂട്ടിചേര്‍ത്തു.