'മറ്റൊരിക്കലും ഇല്ലാത്ത രീതിയിലുള്ള മികച്ച തോന്നലുകള്‍'; ഇത്തവണ കപ്പ് ഉയര്‍ത്തുമെന്ന് ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്‍ ഒമ്പതാം സീസണില്‍ ജയത്തോടെ തുടങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ തകര്‍ത്തുവിട്ടത്. മറ്റൊരിക്കലും ഇല്ലാത്ത രീതിയിലുള്ള മികച്ച തോന്നലുകളാണ് ഇത്തവണയുള്ളതെന്ന് പറഞ്ഞ കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് ഇത്തവണ കപ്പുയര്‍ത്താനാകുമെന്ന പ്രതീക്ഷയാണ് മത്സരശേഷം പങ്കുവെച്ചത്.

ഞാന്‍ എപ്പോഴും ഫുട്ബാളില്‍ വിശ്വസിക്കുന്ന ആളാണ്. നമുക്ക് ലഭിക്കേണ്ടത്, നമ്മള്‍ അര്‍ഹിക്കുന്നത് ഫുട്ബാളില്‍ തീര്‍ച്ചയായും നമുക്ക് ലഭിക്കും. എന്റെ കുട്ടികളെക്കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്, അവര്‍ കഴിഞ്ഞ കുറച്ചു നാളുകളായി പരമാവധി പരിശ്രമിക്കുന്നുണ്ടായിരുന്നു. ഈ സീസണില്‍ ഞങ്ങള്‍ക്ക് പ്രീ സീസണിലൊന്നും പരിക്കുകളുടെ ബുദ്ധിമുട്ടുണ്ടായില്ല.

മറ്റൊരിക്കലും ഇല്ലാത്ത രീതിയില്‍ മികച്ച തോന്നലുകളാണ് എനിക്കും എന്റെ കുട്ടികള്‍ക്കും ഈ സീസണെക്കുറിച്ചുള്ളത്. ഞങ്ങള്‍ക്കിപ്പോഴുള്ള സ്ഥിരത തുടര്‍ന്നുകൊണ്ടുപോകണം. അതിനായി ഞാന്‍ പരമാവധി ശ്രമിക്കും.

Read more

ഒപ്പം ഞങ്ങളുടെ മാനസീക സമ്മര്‍ദ്ദങ്ങളെ, അത്തരത്തിലുള്ള സാഹചര്യങ്ങളെ നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്ക് കഴിയണം. റഫറിയുടെ തീരുമാനങ്ങളോട് വൈകാരികമായി പ്രതികരിക്കാതിരിക്കണം. ഞങ്ങള്‍ ശാന്തരായിരിക്കണം. സ്വയം നിയന്ത്രിക്കാന്‍ കഴിയണമെന്നും ഇവാന്‍ പറഞ്ഞു.