കേരളം കലിപ്പടക്കി, മഞ്ഞപ്പടയ്ക്ക് 'ഹാപ്പി സാറ്റര്‍ഡേ'!

നിര്‍ണായക മത്സരത്തില്‍ കേരളത്തിന് മിന്നും ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഡല്‍ഹി ഡൈനാമോസിനെ കേരള ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. ദീപേന്ദ്ര നേഗി, ഇയാന്‍ ഹ്യൂം എന്നിവരുടെ ഗോളുകളിലാണ് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയ താണ്ഡവം. ഇതോടെ കേരളം പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.

ഡല്‍ഹി ഡൈനമോസാണ് കളിയിലെ ആദ്യഗോള്‍ നേടിയത്. മലയാളി താരം കെ പ്രശാന്തിന്റെ വീഴ്ചയാണ് ആദ്യ ഗോളിന് വഴിവച്ചത്. പെനാല്‍റ്റി കിക്കിലൂടെ ആയിരുന്നു ആദ്യഗോള്‍. രണ്ടാം പകുതി തുടങ്ങി രണ്ട് മിനിട്ടിനുള്ളില്‍ ബ്ലാസ്റ്റേഴ്സ് ആദ്യഗോള്‍ നേടി. ദീപേന്ദ്ര നേഗി തഴുകിവിട്ട പന്ത് കാലു ഉച്ചെയുടെ തലയില്‍തട്ടി വലയിലായി. സെല്‍ഫ് ഗോളാണോയെന്ന് സംശയമുണ്ടായെങ്കിലും ഗോള്‍ നേഗിയുടെ അക്കൗണ്ടില്‍തന്നെ ചേര്‍ക്കപ്പെട്ടു.

ദീപേന്ദ്ര നേഗി തന്നെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോളിനും പിന്നില്‍. ഡല്‍ഹിയുടെ ബോക്സിലേക്ക് ബോളുമായി ഓടിക്കയറിയ നേഗിയെ പ്രതീക് ചൗധരി ചവിട്ടി വീഴ്ത്തി. ചൗധരിക്ക് മഞ്ഞക്കാര്‍ഡും ബ്ലാസ്റ്റേഴ്സിന് പെനാല്‍റ്റിയും കിട്ടി. കിക്കെടുത്ത സൂപ്പര്‍താരം ഇയാന്‍ ഹ്യൂം മനോഹരമായി ആ പെനാലിറ്റി ഗോളാക്കുകയും ചെയ്തു.

Read more

13-ാം മല്‍സരത്തില്‍ സീസണിലെ അഞ്ചാം വിജയം കുറിച്ച ബ്ലാസ്റ്റേഴ്‌സ് 17 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. 12 മല്‍സരങ്ങളില്‍നിന്ന് ഒന്‍പതാം തോല്‍വി വഴങ്ങിയ ഡല്‍ഹി ഡൈനാമോസ് ഏഴു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു. ബ്ലാസ്റ്റേഴ്സിന്റെ ജയത്തില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ പ്രതികരിച്ചു.

  • കേരളത്തിന് രണ്ടാം ഗോള്‍, ഹ്യൂമേട്ടന്‍ വക. പെനാല്‍റ്റിയിലൂടെയാണ് ഗോള്‍. ദീപേന്ദ്ര നേഗിയെ ഫൗള്‍ ചെയ്തു വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായ പെനല്‍റ്റി. 75-ാം മിനിറ്റിലാണ് ഗോല്‍. ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍.
  • മഞ്ഞപ്പട പ്രതീക്ഷിച്ച സബ്സ്റ്റിറ്റിയൂഷന്‍ . കെ. പ്രശാന്തിനു പകരം ഐസ്‌ലന്‍ഡ് താരം ബുയോണ്‍ ബാല്‍ഡ്‌വിന്‍സണ്‍ ഇറങ്ങി.
  • നിര്‍ണായക മത്സരത്തില്‍ കേരളത്തിന് ആദ്യ ഗോള്‍. 47 -ാം മിനിറ്റലാണ് ഗോള്‍. പകരക്കാരനായിറങ്ങിയ ദീപേന്ദ്ര നേഗി ബ്ലാസ്റ്റേഴ്‌സിന്റെ ഗോളിനു വഴി തുറന്നത്. കോര്‍ണര്‍ കിക്ക് പിടിച്ചെടുത്ത നേഗി ഡല്‍ഹിയുടെ വലയിലേക്ക് തട്ടിയിട്ടു. ഒാരോ ഗോളിന് കളി സമനിലയില്‍ പുരോഗമിക്കുന്നു.
  • ആദ്യ പകുതി പിന്നിടുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് പിന്നില്‍. നിര്‍ണായ മത്സരത്തില്‍ കേരളത്തിന് ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനില്ല. കളിയില്‍ ഡല്‍ഹി താരങ്ങള്‍ തന്നെ കളം നിറഞ്ഞ് നില്‍ക്കുന്നു. 42-ാം മിനിറ്റില്‍ ലോ  മിലന്‍ സിങിന്റെ ലോങ് റേഞ്ചര്‍ ഷോട്ട് നേരിയ വ്യത്യാസത്തില്‍ ഡല്‍ഹി ഗോള്‍ മുഖത്തെ തൊട്ടുരുമ്മി പുറത്തേക്ക് പോയി.
  • മഞ്ഞപ്പടയുടെ നെഞ്ചിലേക്ക് ഡല്‍ഹിയുടെ ആദ്യ പ്രഹരം. 33-ാം മിനിറ്റില്‍ കെ. പ്രശാന്തിന്റെ പിഴവില്‍ ഡല്‍ഹിക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്. കിക്കെടുത്ത കാലു ഉച്ചെ പന്ത് അനായാസം വലയിലെത്തിക്കുന്നു. പ്രശാന്തിന് മഞ്ഞ കാര്‍ഡ്.
  • ഐഎസ്എല്ലില്‍ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്  ഡല്‍ഹി ഡൈനാമോസിനെ നേരിടുന്നു.  മൂന്നു വിദേശ താരങ്ങള്‍ മാത്രമാണ് ടീമില്‍ ഇടം പിടിച്ചിരിക്കുന്നത് . അതേസമയം, പരുക്കിന്റെ പിടിയിലായ റിനോ ആന്റോയും സൂപ്പര്‍താരം ദിമിറ്റര്‍ ബെര്‍ബറ്റോവ് ഈ മത്സരത്തിലും കളിക്കുന്നില്ല. മലയാളി താരം കെ പ്രശാന്ത് ആദ്യ ഇലവനിലെത്തിയതാണ് ടീമിലെ പ്രധാനമാറ്റം.