ഐഎസ്എല്‍; പുണെയെ തകര്‍ത്ത് ഡല്‍ഹിക്ക് വിജയം

ഐഎസ്എല്‍ നാലാം സീസണില്‍ പുണെ ബലേവാഡി സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സത്തില്‍ ആതിഥേയരെ തകര്‍ത്ത് ഡല്‍ഹിക്ക് വിജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഡല്‍ഹിയുടെ മിന്നും വിജയം. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം ബ്രസീലിയന്‍ താരം പൗളീന്യോ ഡയസാണ് ഡല്‍ഹിക്കായി 47-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത്.

ഇടതുവിങ്ങില്‍നിന്നും ലാല്ലിയന്‍സുവള ചാംഗ്ടെ നല്‍കിയ പാസ് പൗളീന്യോ യാതൊരു പിഴവും വരുത്താതെ കൃത്യമായി പോസ്റ്റിലെത്തിച്ചു. 54-ാം മിനിറ്റില്‍ പുണെ ഗോളിയെ കബളിപ്പിച്ച് മനോഹരമായ നീക്കത്തിലൂടെ ലാല്ലിയന്‍സുവള ചാംഗ്ടെയിലൂടെ തന്നെ ഡല്‍ഹി ലീഡ് രണ്ടാക്കി ഉയര്‍ത്തി. 65-ാം മിനിറ്റില്‍ ലോങ് ഷോട്ടിലൂടെ മത്യാസ് മിറാബ്‌ജെയാണ് മൂന്നാം ഗോള്‍ വലയിലാക്കിയത്.

മൂന്ന് ഗോളിന്റെ ലീഡ് വഴങ്ങിയ ശേഷം പിന്നിടങ്ങോട്ട് പുണെ ഉണര്‍ന്ന് കളിച്ചു. 67-ാം മിനിറ്റില്‍ എമിലിയാനോ അല്‍ഫാരോയാണ് പുണെയുടെ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. തുടര്‍ന്നും ഒന്നിലേറെ ഗോള്‍ അവസരങ്ങള്‍ പുണെയ്ക്ക് ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ രണ്ടാം ഗോള്‍ പോസ്റ്റിലാക്കി സ്വന്തം കാണികള്‍ക്ക് മുന്നില്‍ മാര്‍ക്കോസ് ടെബാര്‍ പുണെയുടെ തോല്‍വി ഭാരം കുറച്ചു.

കളം നിറഞ്ഞ് കളിച്ച് ഒരു ഗോളിന് വഴിയൊരുക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്ത് ചാംഗ്‌ടെയാണ് കളിയിലെ താരം. എല്ലാ ടീമുകളും ഓരോ മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്നത്തെ വിജയത്തോടെ ഡല്‍ഹി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ബെംഗളൂരു എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്‌.