എന്തുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് വിട്ടു; തുറന്നടിച്ച് ബെല്‍ഫോര്‍ട്ട്

ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിടാനുളള കാരണം വെളിപ്പെടുത്തി ജംഷഡ്പൂര്‍ എഫ്‌സി താരം കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്. ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് തനിക്ക് നല്‍കാമെന്ന കരാര്‍ സ്വീകാര്യമായിരുന്നില്ലെന്നും തനിക്കിണങ്ങുന്ന കാര്‍ നല്‍കിയത് സ്റ്റീവ് കോപ്പലായിരുന്നുവെന്നും ബെല്‍ഫോര്‍ട്ട് വെളിപ്പെടുത്തുന്നു.

അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സ് നല്ല ഓഫര്‍ നല്‍കിയാല്‍ താന്‍ മടങ്ങിയെത്തുമെന്നും കൊച്ചി തനിക്ക് വീട് പോലെയാണെന്നും ബെല്‍ഫോര്‍ട്ട് തുറന്ന് പറയുന്നു. കൊച്ചിയിലെ കാണികളെ മറക്കാനാകില്ലെന്നും കേരളം തന്റെ കുടംബമാണെന്നും ബെല്‍ഫോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ജംഷഡ്പൂര്‍ എഫ്സിയ്ക്കായി കേരള ബ്ലാസ്റ്റേഴ്സിനെ നേരിടാന്‍ കൊച്ചിയിലെത്തിയതായിരുന്നു ബെല്‍ഫോര്‍ട്ട്.

ദിമിതര്‍ ബെര്‍ബറ്റോവും വെസ് ബ്രൗണും എതിരേ കളിക്കുന്നതില്‍ ഭയമില്ലെന്നും താന്‍ തന്റെ ജോലി കൃത്യമായി ചെയ്യുമെന്നും ബെല്‍ഫോര്‍ട്ട് പറയുന്നു. കളിയില്‍ അവര്‍ എതിരാളികളാണെങ്കിലും മത്സരശേഷം ജേഴ്സി കൈമാറാന്‍ താല്‍പര്യമുണ്ടെന്നും ഇരുപത്തഞ്ചുകാരനായ താരം പറയുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാമത്തെ ഹോം മത്സരമാണ് വെള്ളിയാഴ്ച്ച നടക്കുന്നത്. ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ കൊല്‍ക്കത്തയോട് ഗോള്‍ രഹിത സമനില വഴങ്ങിയിരുന്നു.