ഗോവയോട് കണക്കു തീര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ്; കളി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കൊച്ചിയിലേക്ക് ആരാധകരുടെ ഒഴുക്ക്

ഇടവേളയ്ക്കുശേഷം കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും കൊച്ചിയില്‍. ഇന്ന് എഫ്സി ഗോവയുമായാണ് കളി. ഐഎസ്എല്‍ നാലാംപതിപ്പില്‍ നിര്‍ണായകഘട്ടത്തിലാണ് ബ്ലാസ്റ്റേഴ്സ്. ശേഷിക്കുന്ന ഏഴു മത്സരങ്ങളില്‍ ഓരോന്നും പ്രധാനപ്പെട്ടത്. ഒന്ന് ഇടറിയാല്‍ പ്ലേഓഫ് സാധ്യത മങ്ങിത്തുടങ്ങും. 11 കളിയില്‍ 14 പോയിന്റുമായി ആറാമതാണ് ടീം. ഗോവ ഒമ്പതു കളിയില്‍ 16 പോയിന്റോടെ നാലാമതും. അതേസമയം കളി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കൊച്ചിയിലേക്ക് ഒഴുകുകി തുടങ്ങി

ഗോവയ്ക്കെതിരെ ഓര്‍മിക്കാന്‍ നല്ലതൊന്നുമില്ല ബ്ലാസ്റ്റേഴ്സിന്. ഫത്തോര്‍ദയില്‍ ഈ സീസണില്‍ ആദ്യമായി ഏറ്റുമുട്ടിയപ്പോള്‍ അഞ്ച് ഗോളാണ് ഗോവക്കാര്‍ ബ്ലാസ്റ്റേഴ്സ് വലയിലേക്ക് അടിച്ചിട്ടത്. മുന്നിട്ടുനിന്നശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പതനം. റെനെ മ്യുലെന്‍സ്റ്റീനുശേഷം പരിശീലകനായെത്തിയ ഡേവിഡ് ജയിംസിന്റെ കീഴില്‍ തിരിച്ചുവരവിന്റെ പാതയിലാണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്സ്. മ്യുലെന്‍സ്റ്റീന് കീഴില്‍ ഏഴു കളിയില്‍ ഏഴ് പോയിന്റായിരുന്നു. ജയിംസ് നാലു കളിയില്‍ ഏഴ് പോയിന്റ് നല്‍കി. ഇന്ന് ജയിച്ചാല്‍ ആദ്യ നാലില്‍ ഉള്‍പ്പെടാനാകും ബ്ലാസ്റ്റേഴ്സിന്.

എതിര്‍തട്ടകങ്ങളില്‍ തുടര്‍മത്സരങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സിന്. കളിക്കാര്‍ ക്ഷീണിതരാണ്. അവസാനകളിയില്‍ ജംഷെഡ്പുര്‍ എഫ്സിക്കെതിരെ ക്ഷീണം ശരിക്കും ബാധിച്ചു. ഒന്നിനെതിരെ രണ്ടു ഗോളിന് തോറ്റു. ടീം തെരഞെടുപ്പും മോശമായി. മധ്യനിരയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജയിംസിന് കഴിഞ്ഞിട്ടില്ല. അതിനിടെ കെസിറോണ്‍ കിസീറ്റോയുടെ പരിക്കും തിരിച്ചടിയായി.