ചുവന്ന ചെകുത്താന്മാര്‍ക്ക് ചങ്കിടിപ്പ്; പോഗ്ബയ്ക്ക് മോഹവില നല്‍കാന്‍ ഇറ്റാലിയന്‍ വമ്പന്‍

Gambinos Ad
ript>

ജോസ് മൊറീഞ്ഞോയ്ക്ക് കീഴില്‍ മെച്ചപ്പെട്ട പ്രകടനം നടത്തി ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിക്കാത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൂപ്പര്‍ താരം പോള്‍ പോഗ്ബ ഇറ്റാലിയന്‍ വമ്പന്മാരായ ഇന്റര്‍ മിലാനിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. താരത്തിനായി വമ്പന്‍ വില നല്‍കാന്‍ ഇന്റര്‍ തയ്യാറായേക്കുമെന്നാണ് സൂചനകള്‍.

Gambinos Ad

യുവന്റസ്, ബാഴ്‌സലോണ എന്നിവര്‍ പോഗ്ബയ്ക്കായി വല വിരിച്ചിട്ടുണ്ടെങ്കിലും താരത്തെ സ്വന്തമാക്കാന്‍ വമ്പന്‍ തുക നല്‍കുമെന്നാണ് ഇന്റര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചനകളെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റര്‍ മിലാന്റെ സിഇഒയായി ഗിയൂസപ്പോ മറോട്ട സ്ഥാനമേറ്റെടുക്കാന്‍ സാധ്യതകളേറിയതോടെയാണ് പോഗ്ബക്കു വേണ്ടി ഒരു കൈ നോക്കാന്‍ ഇന്റര്‍ മിലാനും രംഗത്തെത്തിയത്. മുമ്പ് യുവന്റസിന്റെ സിഇഒ ആയിരുന്നു മറോട്ട.

ഇറ്റാലിയന്‍ മാധ്യമം ടുട്ടോ സ്‌പോര്‍ടിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പോഗ്ബക്കു വേണ്ടി ഇവാന്‍ പെരിസിച്ച്, മിലന്‍ സ്‌കര്‍നിയര്‍ എന്നിവരിലൊരാളെ വിട്ടു നല്‍കാന്‍ ഇന്റര്‍ മിലാന്‍ ഒരുക്കമാണ്. ഈ രണ്ടു താരങ്ങളെയും ടീമിലെത്തിക്കാന്‍ താത്പര്യമുള്ള മൊറീന്യോ ട്രാന്‍സ്ഫറിനു സമ്മതം മൂളിയേക്കാമെങ്കിലും പോഗ്ബയുടെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. നേരത്തെ യുവന്റസിനു വേണ്ടി വീണ്ടും കളിക്കണമെന്ന ആഗ്രഹം പോഗ്ബ വെളിപ്പെടുത്തിയിരുന്നു.

ഈ സീസണിലും സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും നിരവധി താരങ്ങള്‍ പുറത്തു പോകാനൊരുങ്ങി നില്‍ക്കയാണ്. പോഗ്ബ ടീം വിടുമെന്ന കാര്യം ഉറപ്പിക്കാറായില്ലെങ്കിലും ഡി ഗിയ, ബെയ്‌ലി എന്നിവര്‍ ടീം വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. പ്രീമിയര്‍ ലീഗ് കിരീട പ്രതീക്ഷ അവസാനിച്ച യുണൈറ്റഡിന് ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ പ്രധാന താരങ്ങളെ നിലനിര്‍ത്താനാവു.