'പണം കൊടുത്താന്‍ കിട്ടില്ല, ഐ.എസ്.എലിനേക്കാള്‍ പാരമ്പര്യം ഐ ലീഗിനുണ്ട്'

രാജ്യത്തെ പ്രധാന ഫുട്‌ബോള്‍ ലീഗുകളിലൊന്നായ ഐ ലീഗിനെ പ്രശംസിച്ച് ഇന്ത്യയുടെ പുതിയ പരിശീലകന്‍ സ്റ്റിമാച്ച്. ഐഎസ്എലിനെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ടായിരുന്നു ഐ ലീഗിനെ പുകഴ്ത്തി സ്റ്റിമാച്ച് രംഗത്തെത്തിയത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മികച്ച ലീഗാണെന്ന് പറയുന്ന സ്റ്റിമാച്ച് മികച്ച പരിശീലകരും സ്റ്റേഡിയങ്ങളും അവര്‍ക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഐ ലീഗിനോട് കിട പിടിക്കാനുളള പാരമ്പര്യം അവര്‍ക്കില്ലെന്ന് സ്റ്റിമാച്ച് വിലയിരുത്തുന്നു. ഫുട്‌ബോളില്‍ പാരമ്പര്യം വില കൊടുത്ത് വാങ്ങാനാകില്ലെന്നും ക്രൊയേഷ്യന്‍ ഇതിഹാസ താരം കൂടിയായ സ്റ്റിമാച്ച് തുറന്ന് പറയുന്നു.

ഐഎസ്എലും ഐ ലീഗും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ സ്ഥിരമായി കാണാറുണ്ടെന്ന് പറയുന്ന സ്റ്റിമാച്ച് അതിനാല്‍ തന്നെ ഇന്ത്യന്‍ താരങ്ങളെയെല്ലാം നന്നായി അറിയാമെന്നും കൂട്ടിചേര്‍ത്തു. ഐഎസ്എലില്‍ മാത്രമല്ല ഐ ലീഗിലും നല്ല കളിക്കാരുണ്ടെന്ന് പറയുന്ന സ്റ്റിമാച്ച് അവിടെ നിന്നു വളര്‍ന്നു വരുന്ന താരങ്ങള്‍ക്കായി താന്‍ ഉറ്റുനോക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ചയാണ് സ്റ്റിമാച്ചിനെ ഇന്ത്യന്‍ പരിശീലകനായി നിയോഗിച്ചത്.